ദുബായ്: കുടിശ്ശിക അടയ്ക്കാത്തതിനെ തുടർന്ന് വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന്റെ ചെക്ക്-ഇൻ സേവനങ്ങൾ നിർത്തിവച്ച് ദുബായ് വിമാനത്താവള അധികൃതർ. ഏകദേശം 14 ദശലക്ഷം യുഎഇ ദിർഹം (35.85 കോടി രൂപ) കുടിശ്ശികയായതോടെയാണ് നടപടി. നവംബർ 12 മുതലാണ് നിയന്ത്രണം പ്രാബല്യത്തിൽ വന്നത്.
നടപടിയെ തുടർന്ന് ദുബായിൽ നിന്ന് ഇന്ത്യയിലേക്കുള്ള നാല് വിമാനങ്ങൾ റദ്ദാക്കി. അമൃത്സർ, ജയ്പൂർ, മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് മുടങ്ങിയത്. ഒക്ടോബർ 13 മുതൽ സ്പൈസ് ജെറ്റ് പണമടച്ചിട്ടില്ലെന്ന് ദുബായ് വിമാനത്താവള അധികൃതർ അറിയിച്ചതായാണ് റിപ്പോർട്ട്. നവംബർ 9-ന് കുടിശ്ശിക അടയ്ക്കാൻ മുന്നറിയിപ്പും നൽകിയിരുന്നു.
വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി സ്പൈസ് ജെറ്റിന്റെ സ്റ്റേഷൻ മാനേജറെ വിളിച്ചുവരുത്തി. യാത്രക്കാരെ കൃത്യമായി വിവരമറിയിക്കാനും ബദൽ യാത്രാസൗകര്യം, ഹോട്ടൽ താമസം, ഗതാഗത സൗകര്യം എന്നിവ ഒരുക്കാനും നിർദേശം നൽകി.
അതേസമയം, ബന്ധപ്പെട്ട അധികൃതരുമായി പ്രശ്നം പരിഹരിക്കാനുള്ള ചർച്ചകൾ തുടരുകയാണെന്നും ആവശ്യമായ ബാങ്ക് ഗ്യാരന്റി ഉണ്ടെന്നും സ്പൈസ് ജെറ്റ് വക്താവ് അറിയിച്ചു.



