സ്വന്തം വീട്ടിൽ പോലും തനിക്ക് തീരുമാനമെടുക്കാൻ അധികാരമില്ലെന്ന് തുറന്നുപറഞ്ഞ് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ, ദുബൈയിൽ നടന്ന ഒരു പരിപാടിക്കിടെയാണ് ഭാര്യ ഗൗരി ഖാനെക്കുറിച്ചുള്ള രസകരമായ വീട്ടുവിശേഷങ്ങൾ താരം പങ്കുവെച്ചത്. അവതാരകൻ കരൺ ജോഹറുമായുള്ള സംഭാഷണത്തിനിടെയായിരുന്നു ഈ വെളിപ്പെടുത്തൽ. വീട്ടിൽ തനിക്കും മക്കളായ ആര്യനും സുഹാനയ്ക്കും കാര്യമായ സ്വാതന്ത്ര്യമില്ലെന്നാണ് ഷാരൂഖിന്റെ തമാശ നിറഞ്ഞ പ്രതികരണം.
വൈഫൈയെക്കുറിച്ച് പരാതിപ്പെടാനോ കിടക്കയിൽ ഭക്ഷണം കഴിക്കാനോ പോലും അനുവാദമില്ലത്രേ, വീടിന്റെ നിറം, ലൈറ്റിങ്, ചിത്രങ്ങൾ തുടങ്ങി ഒന്നിനെക്കുറിച്ചും അഭിപ്രായം പറയാൻ കഴിയില്ലെന്നും താരം പറഞ്ഞു. ഗൗരി പണിത വീട് നിശബ്ദമായി ആസ്വദിക്കുക മാത്രമാണ് തങ്ങളുടെ ജോലിയെന്നും ഷാരൂഖ് ചിരിച്ചുകൊണ്ട് കൂട്ടിച്ചേർത്തു. താരത്തിന്റെ ഈ രസകരമായ വെളിപ്പെടുത്തൽ ഇപ്പോൾ ആരാധകർക്കിടയിൽ ചിരി പടർത്തുകയാണ്. വീടിന് പുറത്താണ് തങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യമെന്നും ഷാരൂഖ് തമാശയായി പറഞ്ഞു.
ഇതിനിടെ കരൺ ജോഹർ ചോദിച്ച മറ്റൊരു ചോദ്യത്തിനും താരം രസകരമായ മറുപടി നൽകി. ബിസിനസിനെയാണോ സിനിമയെയാണോ ഭാര്യയെയാണോ കൂടുതൽ പേടിയെന്ന ചോദ്യത്തിന് തന്റെ പുതിയ ചിത്രമായ ‘കിംഗ്’ സിനിമയിലെ ഡയലോഗ് ഓർമിപ്പിച്ചുകൊണ്ടായിരുന്നു ഷാരൂഖിന്റെ മറുപടി. താരത്തിന്റെ നർമ്മം നിറഞ്ഞ വാക്കുകൾ ചടങ്ങിൽ ചിരിയും കൈയടിയും നേടി.



