ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഫോൺ ചോർത്തുന്നുവെന്ന ആരോപണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സർക്കാരിനെതിരായ ആരോപണങ്ങൾക്കുള്ള തെളിവുകളെല്ലാം തന്റെ ഫോണിലുണ്ടെന്നും അതുകൊണ്ടാണ് ഫോൺ ചോർത്തുന്നതെന്നും രാഹുൽ ആരോപിച്ചു. ഇൻസ്റ്റഗ്രാമിലെ ‘ആസ്ക് മി’ സെഷനിലായിരുന്നു പ്രതികരണം.
നരേന്ദ്ര മോദിയെ വീണ്ടും നേർക്കുനേർ സംവാദത്തിന് വെല്ലുവിളിച്ച രാഹുൽ, ആരാണ് യഥാർഥ രാജ്യദ്രോഹിയെന്നും വിദേശ ശക്തികളുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നത് ആരാണെന്നും സംവാദത്തിലൂടെ വ്യക്തമാകുമെന്ന് പറഞ്ഞു. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട തെളിവുകൾ തന്റെ ഫോണിലുണ്ടെന്നും രാഹുൽ അവകാശപ്പെട്ടു. സംവാദം നടന്നാൽ മോദിക്ക് പ്രധാനമന്ത്രി സ്ഥാനത്ത് തുടരാനാകില്ലെന്നും അദ്ദേഹം പരിഹസിച്ചു.
പാർലമെന്റിൽ പ്രതിപക്ഷത്തിന് സംസാരിക്കാൻ അവസരം നൽകുന്നില്ലെന്നും മൈക്കുകൾ ഓഫ് ചെയ്യുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി. കർഷക നിയമങ്ങൾ, വോട്ട് മോഷണം, ചൈനീസ് അതിർത്തി പ്രശ്നം, മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ പുസ്തകം, അദാനി വിഷയം, യുഎസ് വ്യാപാര കരാർ, ജെഫ്രി എപ്സ്റ്റീൻ വിവാദം തുടങ്ങി നിരവധി വിഷയങ്ങൾ രാജ്യത്ത് ചർച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നീണ്ട പ്രസംഗങ്ങൾക്കു പകരം നേർക്കുനേർ സംവാദമാണ് വേണ്ടതെന്നും രാഹുൽ വ്യക്തമാക്കി. ഒരു മേശയുടെ ഒരുവശത്ത് മോദിയും മറുവശത്ത് താനും ഇരുന്ന് സംവദിക്കട്ടെയെന്നും ഇരുവർക്കും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കാമെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതോ വ്യവസായി ഗൗതം അദാനിയോ സംവാദത്തിൽ വിധികർത്താവായാലും തനിക്ക് എതിർപ്പില്ലെന്നും രാഹുൽ പരിഹസിച്ചു.
അതേസമയം, രാഹുൽ ഗാന്ധിയുടെ ഫോൺ ചോർത്തൽ ആരോപണങ്ങളും സംവാദ വെല്ലുവിളിയും ബിജെപി തള്ളി. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് വിലകുറഞ്ഞ രാഷ്ട്രീയമാണ് രാഹുൽ നടത്തുന്നതെന്ന് ബിജെപി നേതാക്കൾ വിമർശിച്ചു. എന്തെങ്കിലും പറയാനുണ്ടെങ്കിൽ പാർലമെന്റിൽ ഉന്നയിക്കണമെന്നും കേന്ദ്രമന്ത്രിമാരായ അമിത് ഷായും നിർമല സീതാരാമനും പ്രതികരിച്ചു.
പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ‘അർബൻ നക്സൽ’ പരാമർശത്തിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ ഈ പ്രതികരണം. മോദിയുടെ പരാമർശത്തിനെതിരെ പ്രിയങ്ക ഗാന്ധിയും നേരത്തെ രംഗത്തെത്തിയിരുന്നു.



