വാഷിങ്ടൺ: വിമാനത്താവളങ്ങളിൽ അപ്രതീക്ഷിതമായി വിമാനങ്ങൾ നിലത്തിറക്കിയതോടെ അമേരിക്കയിലുടനീളം യാത്രക്കാർക്കിടയിൽ പരിഭ്രാന്തിയും ആശയക്കുഴപ്പവും. വ്യോമഗതാഗത നിയന്ത്രണ സംവിധാനത്തിലെ ആശയവിനിമയ തകരാറിനെത്തുടർന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) രാജ്യത്തെ വിമാനത്താവളങ്ങളിൽ നിന്നുള്ള പുറപ്പെടൽ സർവീസുകൾക്ക് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയതാണ് പ്രതിസന്ധിക്ക് കാരണം.
വെള്ളിയാഴ്ച നാല് മണിക്കൂറിലധികം നീണ്ട നിയന്ത്രണം ആയിരക്കണക്കിന് വിമാനങ്ങളെ ബാധിച്ചു. 4,700ലധികം വിമാനങ്ങൾ റദ്ദാക്കുകയും പതിനായിരത്തിലധികം സർവീസുകൾ വൈകുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. വിമാനങ്ങൾ എപ്പോൾ പുറപ്പെടുമെന്നോ യാത്ര പുനരാരംഭിക്കാനാകുമെന്നോ അറിയാതെ യാത്രക്കാർ മണിക്കൂറുകളോളം വിമാനത്താവളങ്ങളിൽ കാത്തുനിന്നു.
‘ആദ്യം മനസ്സിൽ തോന്നിയത് ലോകാവസാനമാണെന്നാണ്’ ഒരു യാത്രക്കാരി പ്രതികരിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു. മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ടൊറന്റോയിലേക്ക് പോകുകയായിരുന്ന ജാനിസ് ലെവെല്ലിൻ വിമാനത്താവളത്തിൽ കുടുങ്ങിയതോടെ യാത്ര മുടങ്ങുമെന്ന ആശങ്കയും പങ്കുവച്ചു.
പഴയ വ്യോമഗതാഗത നിയന്ത്രണ സംവിധാനത്തിലെ സ്വിച്ചുകളും റൂട്ടറുകളും അമിതമായ ഡാറ്റാ പ്രവാഹത്തെത്തുടർന്ന് തകരാറിലായതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഗതാഗത സെക്രട്ടറി സീൻ ഡഫി വിശദീകരിച്ചു. സൈബർ ആക്രമണത്തിന് തെളിവില്ലെന്ന് ആഭ്യന്തര സുരക്ഷാ സെക്രട്ടറി മാർക്ക്വെയ്ൻ മുള്ളനും വ്യക്തമാക്കി.
പിന്നീട് നിയന്ത്രണം പിൻവലിച്ചെങ്കിലും വിമാന സർവീസുകൾ സാധാരണ നിലയിലാകാൻ സമയമെടുക്കുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സർവീസുകളുടെ പുതിയ വിവരങ്ങൾ പരിശോധിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.



