ന്യൂഡൽഹി: വോട്ടർ പട്ടികയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട ‘വോട്ട് ചോരി’ ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് 48 ചോദ്യങ്ങൾ ഉന്നയിക്കാൻ സുപ്രീംകോടതിയുടെ അനുമതി തേടി കോൺഗ്രസും പ്രതിപക്ഷ ഇന്ത്യാ സഖ്യവും. തിരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും ചോദ്യാവലി സമർപ്പിക്കാനാണ് നീക്കം. പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണമായ എസ്ഐആറിന് ഉത്തരവിട്ടത് ആരാണെന്ന ചോദ്യവും ഇതിൽ ഉൾപ്പെടുന്നു.
കോൺഗ്രസ് തിങ്കളാഴ്ച എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സുപ്രീംകോടതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ സമർപ്പിച്ച സത്യവാങ്മൂലം ‘വോട്ട് ചോരി’ ആരോപണങ്ങളുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിനുപോലും മറുപടി നൽകിയിട്ടില്ലെന്നാണ് കോൺഗ്രസിന്റെ വിമർശനം. രാജ്യവ്യാപകമായി എസ്ഐആർ നടപ്പാക്കാൻ തീരുമാനമെടുത്തത് ആരാണ്, വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ഫോം 6ൽ മാറ്റങ്ങൾ വരുത്താൻ അനുമതി നൽകിയത് ആര്, ഇആർഒനെറ്റ് , ഇസിഐനെറ്റ് സംവിധാനങ്ങളുടെ നിയന്ത്രണം കേന്ദ്രീകരിക്കാൻ തീരുമാനിച്ചത് ആരാണ് തുടങ്ങിയ ചോദ്യങ്ങളാണ് പട്ടികയിലുള്ളത്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എടുത്ത തീരുമാനങ്ങളിൽ എത്രയെണ്ണം മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർ എതിർത്തുവെന്നും കോൺഗ്രസ് വിശദീകരണം തേടുന്നുണ്ട്. എസ്ഐആർ നടപടികളിലെ വീഴ്ചകളാണ് വോട്ടർ പട്ടികയിൽ ക്രമക്കേടുകൾക്ക് വഴിയൊരുക്കിയതെന്നാണ് കോൺഗ്രസിന്റെ ആരോപണം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉന്നത ഉദ്യോഗസ്ഥർ നേരിട്ട് ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്നും പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്



