മലപ്പുറം: യുഡിഎഫിൽ അർഹമായ പരിഗണന ലഭിച്ചില്ലെന്ന പി.വി. അൻവറിന്റെ പരാതിക്ക് മറുപടിയുമായി മുസ്ലിം ലീഗ്. കെടിഡിസി ചെയർമാൻ സ്ഥാനം ആവശ്യപ്പെട്ട് അൻവർ രംഗത്തെത്തിയതിന് പിന്നാലെയാണ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമിന്റെ പരിഹാസം. പദവിക്കായി ഇത്രയും ധൃതി പിടിക്കേണ്ട സമയമായിട്ടില്ലെന്നാണ് സലാമിന്റെ പ്രതികരണം. യുഡിഎഫിൽ ആർക്കാണ് ഇതുവരെ പരിഗണന ലഭിച്ചതെന്നും അദ്ദേഹം ചോദിച്ചു.
]മുസ്ലിം ലീഗിലെയും കോൺഗ്രസിലെയും നിരവധി നേതാക്കൾക്ക് പോലും ഇതുവരെ പദവികൾ ലഭിച്ചിട്ടില്ലെന്നും സലാം ചൂണ്ടിക്കാട്ടി. യുഡിഎഫുമായി സഹകരിച്ച് നിൽക്കുന്നയാളെന്ന നിലയിൽ അൻവറിനെ പരിഗണിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും സലാം പറഞ്ഞു. എന്നാൽ, മാധ്യമങ്ങളോട് അതൃപ്തി പറഞ്ഞതുകൊണ്ട് ചാനലുകാർ എന്തെങ്കിലും പദവി നൽകുകയാണെങ്കിൽ സന്തോഷമെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
അതേസമയം, കെടിഡിസി ചെയർമാൻ സ്ഥാനം തനിക്ക് നേരത്തെ ഉറപ്പുനൽകിയിരുന്നതാണെന്നാണ് പി.വി. അൻവറിന്റെ വാദം. ബേപ്പൂരിൽ മത്സരിക്കുന്നതിന് മുമ്പ് യുഡിഎഫ് നേതാക്കളുമായി ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും ഉറപ്പ് ലഭിച്ചിരുന്നുവെന്നും അൻവർ അവകാശപ്പെടുന്നു. കെടിഡിസി ചെയർമാൻ സ്ഥാനത്തിന് പുറമെ, തന്നോടൊപ്പം നിൽക്കുന്നവർക്കായി മൂന്ന് ബോർഡ്-കോർപറേഷൻ അധ്യക്ഷ സ്ഥാനങ്ങൾ കൂടി അൻവർ ആവശ്യപ്പെട്ടിട്ടുണ്ട്.
ആകെ നാല് പദവികളിൽ കുറഞ്ഞത് മൂന്നെണ്ണമെങ്കിലും അനുവദിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. അതൃപ്തികൾ പരസ്യമായി പ്രകടിപ്പിക്കുന്നതിന് പകരം മുന്നണിക്കുള്ളിലെ നേതാക്കളുമായി ചർച്ച ചെയ്യണമെന്നും പി.എം.എ. സലാം പ്രതികരിച്ചു. അൻവറിന്റെ ആവശ്യവും ലീഗിന്റെ പ്രതികരണവും പുറത്തുവന്നതോടെ യുഡിഎഫിനുള്ളിലെ പദവി ചർച്ചകൾ വീണ്ടും രാഷ്ട്രീയ ശ്രദ്ധ നേടുകയാണ്.



