ബിഗ് ബോസ് മലയാളം സീസൺ എട്ടിലെ മത്സരാർത്ഥിയായ ആസിഫിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ബാൻ ആയെന്ന വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. 1.4 മില്യൺ ഫോളോവേഴ്സുള്ള അക്കൗണ്ട് നഷ്ടമായെന്ന റിപ്പോർട്ടിന് പിന്നാലെ ആസിഫിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ഈ സീസണിലെ മുൻ മത്സരാർത്ഥി ഷിബിന. ആസിഫുമായി ബിഗ് ബോസ് വീട്ടിൽ പലതവണ അഭിപ്രായവ്യത്യാസങ്ങളും വഴക്കുകളും ഉണ്ടായിട്ടുണ്ടെങ്കിലും അതൊന്നും മനസ്സിൽ വെക്കുന്നില്ലെന്നാണ് ഷിബിന പറയുന്നത്.
വെറും 22 വയസ്സ് മാത്രം പ്രായമുള്ള ആസിഫ് വർഷങ്ങളോളം കഷ്ടപ്പെട്ട് വളർത്തിയെടുത്ത സോഷ്യൽ മീഡിയ അക്കൗണ്ടാണ് നഷ്ടമായിരിക്കുന്നതെന്നും ഇത് ഏറെ വേദനിപ്പിക്കുന്ന കാര്യമാണെന്നും ഷിബിന പ്രതികരിച്ചു. ആസിഫിന്റെ ജീവിതമാർഗം തന്നെ ആ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആയിരിക്കാമെന്നും കണ്ടന്റ് ക്രിയേറ്റർമാരുടെ അധ്വാനത്തിന്റെ വില തനിക്ക് നന്നായി അറിയാമെന്നും ഷിബിന വ്യക്തമാക്കി. ബിഗ് ബോസ് ഒരു റിയാലിറ്റി ഷോ മാത്രമാണ്. ഒരു സീസൺ അവസാനിക്കുമ്പോൾ അടുത്ത സീസൺ വരും. മത്സരാർത്ഥികളെ ചിലപ്പോൾ പ്രേക്ഷകർ ഓർക്കും, ചിലപ്പോൾ മറക്കും.
എന്നാൽ ഷോയ്ക്ക് പുറത്തും ഓരോ മത്സരാർത്ഥിക്കും സ്വന്തമായൊരു ജീവിതവും ഭാവിയുമുണ്ടെന്ന കാര്യം ആരാധകർ മറക്കരുതെന്നാണ് ഷിബിനയുടെ ഓർമപ്പെടുത്തൽ. ഇത്തരം സംഭവങ്ങൾ കാണുമ്പോൾ സോഷ്യൽ മീഡിയയിൽ ഒരാൾക്ക് എത്രത്തോളം സുരക്ഷിതത്വമുണ്ടെന്ന ആശങ്കയാണ് ഉയരുന്നതെന്നും ഷിബിന പറഞ്ഞു. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുടെയും ആരാധകപ്പോരിന്റെയും പേരിൽ മറ്റൊരാളുടെ ജീവിതമാർഗം ഇല്ലാതാക്കരുതെന്നും അവർ അഭ്യർത്ഥിച്ചു.



