കൊച്ചി: അറ്റകുറ്റപ്പണികൾക്കായി ആലുവ മാർത്താണ്ഡവർമ പഴയ പാലം നാളെ അടയ്ക്കും. നവംബർ ആറുവരെ പ്രവൃത്തികൾ തുടരുന്നതിനാൽ ആലുവയിലും പരിസരപ്രദേശങ്ങളിലും പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കൊച്ചി വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാർ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് യാത്ര നേരത്തേ ആരംഭിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ആവശ്യമെങ്കിൽ ആലുവ നഗരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഇതുസംബന്ധിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയും നിർദേശം നൽകിയിട്ടുണ്ട്.
എറണാകുളം, വൈറ്റില ഭാഗങ്ങളിൽനിന്നുള്ള ഭാരവാഹനങ്ങൾ ഇടപ്പള്ളിയിൽനിന്ന് തിരിഞ്ഞ് ചേരാനല്ലൂർ സിഗ്നൽ, പറവൂർ, കൊടുങ്ങല്ലൂർ റോഡ് വഴി പോകണം. കാക്കനാട് ഭാഗത്തുനിന്നുള്ള ഭാരവാഹനങ്ങൾ കളമശേരി കണ്ടെയ്നർ റോഡ് വഴി പറവൂർ, കൊടുങ്ങല്ലൂർ റൂട്ടിലേക്ക് പ്രവേശിക്കണം. തൃശൂർ ഭാഗത്തുനിന്ന് എറണാകുളത്തേക്ക് വരുന്ന ഭാരവാഹനങ്ങൾ ഇരിങ്ങാലക്കുടയിൽനിന്ന് തിരിഞ്ഞ് കൊടുങ്ങല്ലൂർ, പറവൂർ, ചേരാനല്ലൂർ സിഗ്നൽ വഴി യാത്ര തുടരണം. ടിപ്പർ, കണ്ടെയ്നർ ലോറികൾ, ഗ്യാസ്, പെട്രോളിയം ടാങ്കറുകൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾക്കും നിയന്ത്രണം ബാധകമാണ്.
തൃശൂർ ഭാഗത്തുനിന്ന് ആലുവയിലേക്ക് വരുന്ന ഭാരവാഹനങ്ങൾ അങ്കമാലിയിൽനിന്ന് തിരിഞ്ഞ് കാലടി, പെരുമ്പാവൂർ റോഡ് വഴി പോകണം. കളമശേരി, അങ്കമാലി ഭാഗങ്ങളിൽനിന്ന് ഭാരവാഹനങ്ങളെ ആലുവയിലേക്ക് കടത്തിവിടില്ല. വരാപ്പുഴ, കടുങ്ങല്ലൂർ ഭാഗങ്ങളിൽനിന്ന് ആലുവയിലേക്ക് വരുന്ന വാഹനങ്ങൾ കടുങ്ങല്ലൂർ ജങ്ഷനിൽനിന്ന് തിരിഞ്ഞ് യു.സി. കോളജ് റോഡ് വഴി പറവൂർ കവല സിഗ്നലിലെത്തി വലത്തേക്ക് പോകണം. ആലുവയിൽനിന്ന് വരാപ്പുഴ, കടുങ്ങല്ലൂർ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾക്ക് തോട്ടയ്ക്കാട്ടുകര ജങ്ഷനിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് കടുങ്ങല്ലൂർ റോഡ് ഉപയോഗിക്കാം. പറവൂർ കവല–തോട്ടയ്ക്കാട്ടുകര സർവീസ് റോഡിലൂടെ പറവൂർ കവലയിൽനിന്നുള്ള ഗതാഗതം അനുവദിക്കില്ല.
അങ്കമാലി, പറവൂർ ഭാഗങ്ങളിൽനിന്ന് വരുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പറവൂർ കവലയിൽനിന്ന് മണപ്പുറം ഭാഗത്തേക്ക് തിരിയാതെ ഹൈവേയിലൂടെ മാത്രം സഞ്ചരിക്കണം. മാർത്താണ്ഡവർമ പുതിയ പാലത്തിലൂടെ ഇരുവശങ്ങളിലേക്കും ഒരു വരിയായി ഗതാഗതം അനുവദിക്കുമെന്നും അധികൃതർ അറിയിച്ചു.



