ബാഗ്ദാദ്: അമേരിക്കൻ മാധ്യമപ്രവർത്തകയായ ഷെല്ലി കിറ്റിൽസൺ മോചിതയായി. കഴിഞ്ഞ ആഴ്ച തട്ടികൊണ്ടുപോയ കിറ്റിൽസണെ ചൊവ്വാഴ്ച വിട്ടയക്കപ്പെട്ടെന്ന് വാർത്താ ഏജൻസി ആയ അസോസിയേറ്റഡ് പ്രസ്സ് സ്ഥീരീകരിച്ചു. റോം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫ്രീലാൻസ് മാധ്യമ പ്രവർത്തകയാണ് കിറ്റിൽസൺ. അഫ്ഗാനിസ്ഥാൻ , ഇറാഖ്, സിറിയ , എന്നിവിടങ്ങളിലെ യുദ്ധസാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന പ്രമുഖ മാധ്യമ പ്രവർത്തക കൂടിയാണ്.
മാർച്ച് 31 മുതൽ ബാഗ്ദാദിൽ തടങ്കലിലായിരുന്നു. ഇറാഖിൽ നിന്നും ഉടൻ തന്നെ പോകുമെന്ന ഉറപ്പിലാണ് മോചനം നൽകുന്നത്. നിലവിലെ ഇറാഖ് പ്രധാനമന്ത്രിയുടെ നിലപാടുകളോടുള്ള ബഹുമാനസൂചകമായാണ് ഈ തീരുമാനമെന്നും സായുധ സേനാ സുരക്ഷാ വക്താവ് അറിയിച്ചു. മാത്രമല്ല ഷെല്ലി കിറ്റിൽസണെ തട്ടികൊണ്ട് പോവുന്ന സമയം ഇറാഖ് സുരക്ഷാ സേന പ്രതികളെ പിന്തുടർന്നിരുന്നതായും ഇറാഖ് സർക്കാർ വ്യക്തമാക്കി. ഈ പിന്തുടരലിനിടയിൽ പ്രതികൾ സഞ്ചരിച്ച കാർ മറിയുകയും പ്രതികളിൽ ഒരാളെ സുരക്ഷാ സേന അറസ്റ് ചെയ്യുകയുമായിരുന്നു. വിദേശികളെ തട്ടിക്കൊണ്ടുപോകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഇറാഖ് പ്രധാനമന്ത്രി ഉത്തരവിറക്കിയിരുന്നു. അതേസമയം യുദ്ധസാഹചര്യം കണക്കിലെടുത്തു ഇറാഖിലേക്ക് ഇപ്പോൾ യാത്ര ചെയ്യരുതെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പൗരന്മാർക്ക് നിർദ്ദേശം നൽകിയതായാണ് വിവരം.
