കൊൽക്കത്ത: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പശ്ചിമ ബംഗാളിൽ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ഗായ്‌ഘട്ടയിലാണ് സംഭവം. 23കാരനായ പ്രഹ്ലാദ് ദാസാണ് മരിച്ചത്.
തെളിവെടുപ്പിനായി പുലർച്ചെ മൂന്നരയോടെ പ്രതിയെ സംഭവസ്ഥലത്തെത്തിച്ചപ്പോഴാണ് വെടിവെപ്പുണ്ടായതെന്ന് പൊലീസ് അറിയിച്ചു. പൊലീസിന്റെ തോക്ക് പിടിച്ചെടുത്ത് ഉദ്യോഗസ്ഥർക്കുനേരെ വെടിയുതിർത്ത ശേഷം രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ സ്വയരക്ഷയ്ക്കായി വെടിവെക്കുകയായിരുന്നുവെന്നാണ് പൊലീസ് വിശദീകരണം. ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാളുടെ ജീവൻ രക്ഷിക്കാനായില്ല.
ഒക്ടോബർ 24ന് സുഹൃത്തിന്റെ വീട്ടിൽ പോയ പതിനേഴുകാരിയെ കാണാതാവുകയും പിന്നീട് വീടിന് സമീപം മൃതദേഹം കണ്ടെത്തുകയും ചെയ്തിരുന്നു. സംഭവത്തിൽ അന്നുതന്നെ പ്രഹ്ലാദ് ദാസിനെ അറസ്റ്റ് ചെയ്തിരുന്നു.
മൂന്ന് മാസത്തിനിടെ പശ്ചിമ ബംഗാളിൽ നടക്കുന്ന രണ്ടാമത്തെ സമാന സംഭവമാണിത്. ജൂലൈ എട്ടിന് പതിനൊന്നുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.



