ന്യൂഡൽഹി: ക്യാൻസര്‍ മരുന്നുകളുടെ വില കുറച്ച് കേന്ദ്രസര്‍ക്കാര്‍. 543 ബ്രാൻഡുകളുടെ മരുന്നുകളുടെ വില കുറയും. നവംബർ 9 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. ക്യാൻസര്‍ പ്രതിരോധ മരുന്നുകളുടെ പുതുക്കിയ വില നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി പുറത്തുവിട്ടു. ഷെഡ്യൂൾ ചെയ്യാത്ത ക്യാൻസർ പ്രതിരോധ മരുന്നുകളുടെ പുതുക്കിയ വില നിർമാതാക്കൾ റിപ്പോർട്ട് ചെയ്യുന്ന മുറയ്ക്ക് വിലവിവരപ്പട്ടിക തുടർച്ചയായി പുതുക്കുമെന്ന് ഫാർമസ്യൂട്ടിക്കൽസ് വകുപ്പ് വ്യക്തമാക്കി.
ഹോർമോൺ സെൻസിറ്റീവ് സ്തനാർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന അനാസ്ട്രോസോൾ ഉൾപ്പെടെയുള്ള മരുന്നുകളുടെ വിലയിലാണ് വൻ കുറവ് വന്നിരിക്കുന്നത്. 2013-ലെ ഡ്രഗ്സ് ഓർഡറിലെ വ്യവസ്ഥകൾ ഉപയോഗിച്ച്, തെരഞ്ഞെടുക്കപ്പെട്ട ഈ മരുന്നുകളുടെ ട്രേഡ് മാർജിൻ പരമാവധി ചില്ലറ വിൽപന വിലയുടെ 30 ശതമാനമായി എൻപിപിഎ പരിമിതപ്പെടുത്തി. ഇത് പരിമിതപ്പെടുത്തുന്നതിലൂടെ, മരുന്നുകളുടെ ലഭ്യതയെ ബാധിക്കാതെ തന്നെ രോഗികൾക്ക് ലഭിക്കുന്ന വില കുറയ്ക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഇതിൽ ഉൾപ്പെട്ടിരിക്കുന്ന മരുന്നുകളിൽ 20-ലധികം തരം കാൻസറുകളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഇമ്മ്യൂണോതെറാപ്പി മരുന്നുകളും അടങ്ങിയിട്ടുണ്ട്. സ്തനാർബുദം, പ്രോസ്റ്റേറ്റ് ക്യാൻസർ എന്നിവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഡെനോസുമാബ് , കാൻസർ ചികിത്സയ്ക്കിടെ അണുബാധയെ ചെറുക്കുന്ന ശ്വേതാണുക്കളുടെ കുറവ് തടയാൻ സഹായിക്കുന്ന പെഗ്ഫിൽഗ്രാസ്റ്റിം , വൻകുടൽ, അണ്ഡാശയം, ഗർഭാശയ ഗളം എന്നിവയെ ബാധിക്കുന്ന ക്യാൻസറുകൾക്ക് ഉപയോഗിക്കുന്ന ബെവാസിസുമാബ് എന്നിവയും ഈ പട്ടികയിൽ ഉൾപ്പെടുന്നു.



