ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാംലീലാ മൈതാനത്ത് നവംബർ ഒന്നിന് ഇൻഡ്യ സഖ്യം നടത്താൻ തീരുമാനിച്ചിരിക്കുന്ന റാലിയുടെ പശ്ചാത്തലത്തിൽ സുരക്ഷാ നടപടികൾ ശക്തമാക്കി. പ്രതിഷേധക്കാർ ജന്തർ മന്ദറിലേക്ക് കടക്കാതിരിക്കാനുള്ള കടുത്ത ജാഗ്രതയോടെയാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ജന്തർ മന്ദർ, പാർലമെന്റ് തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലേക്കുള്ള റോഡുകളിൽ ബാരിക്കേഡ് സ്ഥാപിച്ച് ഗതാഗതം നിയന്ത്രിക്കും. റാലിയിൽ സുരക്ഷയൊരുക്കാനായി 3,000 ഡൽഹി പൊലീസ് ഉദ്യോഗസ്ഥരെയും 10,000 അർദ്ധസൈനിക വിഭാഗം അംഗങ്ങളെയും വിന്യസിക്കും.
ജനക്കൂട്ടത്തെ നിരീക്ഷിക്കാനായി പരിസരപ്രദേശങ്ങളിലായി 150 ഹൈ ഡെഫിനിഷൻ, എഐ ക്യാമറകൾ ഡൽഹി പൊലീസ് ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള പ്രത്യേക പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്. അൻപതിനായിരത്തോളം പേർ സമരത്തിന് എത്തുമെന്നാണ് ഡൽഹി പൊലീസിന്റെ ഇന്റലിജൻസ് റിപ്പോർട്ട്. രാംലീലാ മൈതാനത്ത് ഞായറാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന റാലി വിജയമാക്കാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്.
പ്രതിപക്ഷമായ ‘ഇൻഡ്യ’ സഖ്യത്തിൻ്റെ ശക്തിപ്രകടനമാക്കി ഇതിനെ മാറ്റാനാണ് പാർട്ടിയുടെ തീരുമാനം. പത്ത് ലക്ഷം പേരെ റാലിയിൽ പങ്കെടുപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കോൺഗ്രസ് രാജ്യസഭാ എംപി നാസിർ ഹുസൈൻ വ്യക്തമാക്കി. കോൺഗ്രസിന് പുറമെ സമാജ്വാദി പാർട്ടിക്കും ഇടതുപക്ഷ കക്ഷികൾക്കും റാലിയുടെ സുപ്രധാന ചുമതലകൾ നൽകിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ എംപിമാർ, എംഎൽഎമാർ, എംഎൽസികൾ എന്നിവർക്കും സംസ്ഥാനതല ഭാരവാഹികൾക്കും റാലിയിൽ നിർബന്ധമായും പങ്കെടുക്കാൻ കോൺഗ്രസ് നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്.



