വാഷിങ്ൺ: അമേരിക്കൻ വിമാനത്താവളങ്ങളിലെ സുരക്ഷാ ഏജൻസിയായ ടി.എസ്.എ നൽകിയ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 800-ലധികം പേരെ ഇമിഗ്രേഷൻ അധികൃതർ (ICE) അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ഡോണൾഡ് ട്രംപ് അധികാരമേറ്റത് മുതൽ 2026 ഫെബ്രുവരി വരെയുള്ള കണക്കുകൾ ഉദ്ധരിച്ച് റോയിട്ടേഴ്സ് ആണ് ഈ വാർത്ത പുറത്തുവിട്ടത്.
ഏകദേശം 31,000 യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങളാണ് ടി.എസ്.എ ഇമിഗ്രേഷൻ വിഭാഗത്തിന് കൈമാറിയത്. ഭീകരവാദികളെ കണ്ടെത്താൻ 2007-ൽ രൂപീകരിച്ച ‘സെക്യുർ ഫ്ലൈറ്റ് പ്രോഗ്രാം’വഴിയാണ് സാധാ രണക്കാരായ ഇമിഗ്രേഷൻ നിയമലംഘകരെയും ഇപ്പോൾ പിന്തുടരുന്നത്. മാർച്ച് മാസം മുതൽ അമേരിക്കയിലെ പന്ത്രണ്ടിലധികം വിമാനത്താവളങ്ങളിൽ ഐ.സി.ഇ ഉദ്യോഗസ്ഥരെ സുരക്ഷാ സഹായത്തിനായി വിന്യസിച്ചിട്ടുണ്ട്.
ഇത് യാത്രക്കാർക്കിടയിൽ വലിയ ഭീതിക്കും ആശയക്കുഴപ്പത്തിനും കാരണമാകുന്നുവെന്നാണ് ഡെമോക്രാറ്റുകളുട െ ആരോപണം. ടൂർ കഴിഞ്ഞു മടങ്ങിയ ഐറിഷ് ദമ്പതികളെ മക്കളുടെ മുന്നിൽ വെച്ച് അറസ്റ്റ് ചെയ്ത് നാടുകടത്തിയ സംഭവം ഉൾപ്പെടെ നിരവധി ദാരുണമായ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്ഥിരതാമസത്തിനായി അപേക്ഷ നൽകി കാത്തിരിക്കുന്നവരെപ്പോലും വിമാനത്താവളങ്ങളിൽ വെച്ച് പിടികൂടുന്നുണ്ട്. വിമാനത്താവളങ്ങളിലെ ഈ നടപടിക്കെതിരെ അമേരിക്കയിൽ രാഷ്ട്രീയവിവാദങ്ങളും സജീവമായി. ട്രംപ് ഭരണകൂടത്തിന്റെ കടുത്ത ഇമിഗ്രേഷൻ നയങ്ങളുടെ ഭാഗമായാണ് ഈ നീക്കമെന്ന് വിമർശകർ പറയുന്നു. എന്നാൽ സുരക്ഷയും കാര്യക്ഷമതയും വർധിപ്പിക്കാനാണ് പുതിയ പരിഷ്കാരങ്ങളെന്നാണ് ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗത്തിന്റെ വിശദീകരണം.
വിമാനത്താവളങ്ങളിൽ ഐസ് ഉദ്യോഗസ്ഥരെ വിന്യസിച്ചത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 40-ലധികം ജനപ്രതിനിധികൾ സർക്കാരിന് കത്തെഴുതിയിട്ടുണ്ട്. സാധാരണക്കാരായ യാത്രക്കാരെ ഭയപ്പെടുത്തുന്ന ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്നാണ് ഇവരുടെ നിലപാട്.
