കൊച്ചി: ഭാര്യ ഷിഫിനയുടെ ആദ്യസംവിധാന സംരംഭത്തിന് ആശംസകളുമായി സംവിധായകൻ ജിത്തു മാധവൻ. ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ഹിറ്റ് ചിത്രങ്ങളിൽ അസിസ്റ്റന്റായി പ്രവർത്തിച്ച ഷിഫിന ബബിൻ പക്കർ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നതായി ജിത്തു മാധവൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചു.
‘രചയിതാവും സംവിധായികയുമായ ഷിഫിന ബബിൻ പക്കറിന് അഭിനന്ദനങ്ങൾ! നിന്റെ സ്വപ്നത്തിലേക്കുള്ള ആദ്യചുവടുവെപ്പ്, നിന്റെ കഠിനാധ്വാനത്തിന്റേയും പോരാട്ടങ്ങളുടെയും ഫലം, നീ നേരിട്ട അപമാനങ്ങൾക്കുള്ള മറുപടി. ഇവിടെവരെ എത്താൻ നീ അനുഭവിച്ച കഷ്ടപ്പാടുകൾ എനിക്കറിയാം. നീയാകുകയെന്നത് അത്ര എളുപ്പമല്ല. നീ ചെയ്യുന്ന കാര്യങ്ങൾ ചെയ്യുക എന്നതും പ്രയാസമാണ്. അമ്മയായിരിക്കുക, ഒപ്പം ഉത്തരവാദിത്തമില്ലാത്ത, പിന്തുണ നൽകാത്ത ഒരു ഭർത്താവിന്റെ ഭാര്യയായിരിക്കുക , ഇതിനിടയിൽ സ്വന്തമായി ഒരു കരിയർ കെട്ടിപ്പടുക്കുക, തിരക്കഥയെഴുതുക, അതൊരു പ്രൊജക്റ്റാക്കി മാറ്റുക ഇതൊന്നും അത്ര എളുപ്പമുള്ള കാര്യമല്ല. വലിയൊരു കൈയടി’, സംവിധായകൻ കുറിച്ചു.
