ചെന്നൈ : ഹനുമാൻ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സ് സൃഷ്‌ടിച്ച സംവിധായകൻ പ്രശാന്ത് വർമയുടെ രചനയിൽ ഒരുങ്ങുന്ന പുതിയ ചിത്രമായ മഹാകാളിയുടെ ആദ്യ ഗ്ലിമ്പ്സ് പുറത്ത്. ചിത്രത്തിലെ നിർണായക വേഷം ചെയ്യുന്ന ബോളിവുഡ് താരം അക്ഷയ് ഖന്നയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു മാസ് ഗ്ലിമ്പ്സ് ആണ് ഇപ്പൊൾ പുറത്ത് വിട്ടത്. ചിത്രം 2027, ജനുവരി 8 ന് ആഗോള റിലീസായി എത്തും. ഇന്ത്യൻ സിനിമയിലേക്ക് ഒരു വനിതാ സൂപ്പർ ഹീറോയെ അവതരിപ്പിക്കുന്ന ചിത്രം പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാം ചിത്രമായി ആണ് ഒരുങ്ങുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് പൂജ അപർണ്ണ കൊല്ലുരുവാണ്. ആർകെഡി സ്റ്റുഡിയോയുടെ ബാനറിൽ റിവാസ് രമേശ് ദുഗ്ഗൽ നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ആർകെ ദുഗ്ഗൽ.
ശുക്രാചാര്യർ എന്ന കഥാപാത്രത്തിന് ആണ് ചിത്രത്തിൽ അക്ഷയ് ഖന്ന ജീവൻ നൽകുന്നത്. ശുക്രചാര്യരുടെ യുദ്ധ കാഹളം അഥവാ വാർ ക്രൈ എന്ന ടൈറ്റിലോടെയാണ് ആദ്യ ഗ്ലിമ്പ്സ് എത്തിയത്. സന്യാസിവര്യൻ്റെ ലുക്കിൽ മാസ് അവതാരമായാണ് അക്ഷയ് ഖന്നയെ ഈ വീഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്. ദേവന്മാർക്ക് എതിരെ നിലകൊണ്ടുകൊണ്ട്, അസുരന്മാർക്ക് വേണ്ടി മനുഷ്യ കുലത്തെ പൂർണ്ണമായും നശിപ്പിക്കാൻ പ്രതിജ്ഞ എടുത്ത കഥാപാത്രം ആയാണ് ശുക്രാചാര്യർ എത്തുന്നത്. ത്രസിപ്പിക്കുന്ന സംഗീതവും ഗംഭീര വി എഫ് എക്സും ദൃശ്യങ്ങളും തീവ്രമായ ഡയലോഗുകളും കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കുന്ന സാങ്കേതിക മികവോടെയാണ് ഗ്ലിമ്പ്സ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ധർമ്മവും അധർമ്മവും തമ്മിലുള്ള സംഘർഷത്തിൻ്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിൻ്റെ കഥയും ഒരുക്കിയിരിക്കുന്നത് എന്ന് ഈ വീഡിയോ കാണിച്ചു തരുന്നു. ശ്രിയ റെഡ്ഡി, സമുദ്രക്കനി എന്നിവരും ഗ്ലിമ്പ്സ് വീഡിയോയുടെ ഭാഗമാണ്. ദി എൻഡ് ബിഗിൻസ് എന്ന കുറിപ്പോടെയാണ് ഈ ഗ്ലിമ്പ്സ് വീഡിയോ മഹാകാളിയുടെ കഥാപശ്ചാതലത്തിലേക്ക് പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിക്കുന്നത്.



