തിരുവനന്തപുരം: സർക്കാരിന്റെ പ്രിയദർശിനി പദ്ധതി തിരിച്ചടിയാകുന്നുവെന്ന് ആരോപിച്ച് സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്. ചൊവ്വാഴ്ച മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. പദ്ധതി നടപ്പാക്കിയ റൂട്ടുകളിൽ ഡീസലടിക്കാനും ജീവനക്കാർക്ക് ശമ്പളം നൽകാനും ആവശ്യമായ വരുമാനം ലഭിക്കുന്നില്ലെന്നാണ് ബസുടമകളുടെ പരാതി. മിനിമം ബസ് ചാർജ് 20 രൂപയാക്കുക, വിദ്യാർഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിക്കുക, പ്രതിസന്ധിയിലായ ബസുടമകളെയും ജീവനക്കാരെയും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. മുഖ്യമന്ത്രിയടക്കമുള്ളവരെ നേരിൽ കണ്ടിട്ടും അനുകൂല തീരുമാനമുണ്ടായില്ലെന്നാണ് ഉടമകൾ പറയുന്നത്. നേരത്തേ സെക്രട്ടേറിയറ്റ് മാർച്ചും നടത്തിയിരുന്നു. ഇപ്പോൾ നിരാഹാര സമരത്തിലേക്ക് കടക്കുകയാണ്.
ആവശ്യങ്ങളിൽ പരിഹാരമുണ്ടായില്ലെങ്കിൽ നവംബർ ആദ്യവാരം മുതൽ അനിശ്ചിതകാല ബസ് സമരവും ആരംഭിക്കുമെന്നാണ് മുന്നറിയിപ്പ്. സമരം തുടങ്ങിയാൽ പൊതുഗതാഗതത്തെ ആശ്രയിക്കുന്ന യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.ബസുടമകളുടെ ആവശ്യങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് സംഘടനകളുടെ നിലപാട്. ചാർജ് വർധനയും പ്രിയദർശിനി പദ്ധതി സൃഷ്ടിക്കുന്ന പ്രതിസന്ധിയും പരിഹരിച്ചില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. വരും ദിവസങ്ങളിൽ ചർച്ചയുണ്ടാകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.



