കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17കാരന്റെ ജാമ്യം റദ്ദാക്കാൻ പൊലീസ് നീക്കം ശക്തമാക്കി. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം സെഷൻസ് കോടതിയിൽ പൊലീസ് അപേക്ഷ നൽകി. കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. പ്രതിയുടെ പിതാവായ അഡീഷണൽ ജില്ലാ ജഡ്ജിയെ പൊലീസ് ചോദ്യം ചെയ്തു. തന്റെ അറിവോടെയല്ല മകൻ വാഹനം ഓടിച്ചതെന്നാണ് ജഡ്ജിയുടെ മൊഴി. അപകടമുണ്ടാക്കിയ ബെൻസ് കാറിന്റെ ആർ.സി ഉടമയായ ജഡ്ജിയെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.
17കാരന് 25 വയസുവരെ ഡ്രൈവിങ് ലൈസൻസ് നൽകുന്നത് തടയാനും മോട്ടോർ വാഹനവകുപ്പ് നീക്കം നടത്തുന്നുണ്ട്. അപകടമുണ്ടാക്കിയ കാറിന്റെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യാനും നടപടിയുണ്ടാകും. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിൽ വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെയും നടപടിയുണ്ടായേക്കും. വൈകിട്ട് നാലുമണിക്കകം നടപടിയുണ്ടായില്ലെങ്കിൽ വീണ്ടും സമരം തുടങ്ങുമെന്ന് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം അറിയിച്ചു.ഞായറാഴ്ച പുലർച്ചെ ബെൻസ് കാറിടിച്ചാണ് 55കാരനായ ജയബാലകൃഷ്ണൻ മരിച്ചത്. കേസിൽ തുടർനടപടികൾക്കായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരും രംഗത്തുണ്ട്.



