ബെംഗളൂരു: കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കോൺഗ്രസിന് തിരിച്ചടി. ഒക്ടോബർ 23ന് നടന്ന നാല് കൗൺസിൽ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളും നേടി എൻഡിഎ വിജയം സ്വന്തമാക്കി. ബിജെപി മൂന്ന് സീറ്റുകളിലും സഖ്യകക്ഷിയായ ജെഡിഎസ് ഒരു സീറ്റിലുമാണ് വിജയിച്ചത്. കോൺഗ്രസിന് ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല. ബിജെപിയും ജെഡിഎസും തമ്മിലുള്ള സഖ്യത്തിന്‍റെ ശക്തി പരിശോധിക്കുന്നതിനൊപ്പം, കോൺഗ്രസ് സർക്കാരിന്‍റെ ജനസമ്മിതി വിലയിരുത്തുന്ന ഘടകമായാണ് ഈ തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെട്ടത്.
കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ തട്ടകമായ കലബുറഗി ഉൾപ്പെടുന്ന നോർത്ത്-ഈസ്റ്റ് ടീച്ചേഴ്സ് മണ്ഡലത്തിൽ സിറ്റിംഗ് ബിജെപി എംഎൽസി ശശിൽ ജി നമോഷി വിജയം ആവർത്തിച്ചു. സൗത്ത്-ഈസ്റ്റ് ഗ്രാജുവേറ്റ്സ് മണ്ഡലത്തിലും വെസ്റ്റ് ഗ്രാജുവേറ്റ്സ് മണ്ഡലത്തിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ പരാജയപ്പെട്ടു. നേരത്തെ ജെഡിഎസിന്‍റെ ബെംഗളൂരു അധ്യാപക മണ്ഡലത്തിലെ വിജയത്തോടെ എൻഡിഎ സഖ്യം ക്ലീൻ സ്വീപ് പൂർത്തിയാക്കുകയായിരുന്നു. ബംഗളൂരു ടീച്ചേഴ്സ് കോൺസ്റ്റിറ്റ്യൂഷൻ മണ്ഡലം കോൺഗ്രസിന് നഷ്ടപ്പെട്ടത് പാര്‍ട്ടിയെ ആശങ്കപ്പെടുത്തുന്നതാണ്.
അഞ്ചു തവണ എംഎൽസി ആയി തെരഞ്ഞെടുക്കപ്പെട്ട പുട്ടണ്ണയാണ് തോറ്റത്. ബാലറ്റ് പേപ്പർ ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് ഫലം കർണാടകയിലെ കോൺഗ്രസ് സർക്കാരിന്‍റെ നിലനിൽപ്പിനെ ബാധിക്കില്ലെങ്കിലും, പ്രതിപക്ഷ സഖ്യത്തിന് ഇത് രാഷ്ട്രീയമായി വലിയ ഊർജം നൽകിയിട്ടുണ്ട്. 75 അംഗ ലെജിസ്ലേറ്റീവ് കൗൺസിലിൽ നിലവിൽ കോൺഗ്രസിന് 38 അംഗങ്ങളും, ബിജെപിക്ക് 24ഉം, ജെഡിഎസിന് ആറ് അംഗങ്ങളുമാണുള്ളത്.



