ന്യൂഡൽഹി: ഒരു മില്യൺ ഡോളർ വിലയുള്ള മിസൈൽ ഉപയോഗിച്ച് വെറും 3,000 ഡോളർ വിലയുള്ള ഡ്രോണിനെ തകർക്കേണ്ടിവരുന്ന സാഹചര്യം. ആയുധങ്ങളുടെ വിലയും യുദ്ധത്തിന്റെ സാമ്പത്തിക സമവാക്യങ്ങളും മാറുകയാണെന്ന് മുന്നറിയിപ്പ് നൽകി ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജനറൽ എൻ.എസ്. രാജ സുബ്രഹ്മണി. ആധുനിക യുദ്ധത്തിന്റെ ഭാവി നിർണയിക്കുന്ന മൂന്ന് പ്രധാന മാറ്റങ്ങളും അദ്ദേഹം വിശദീകരിച്ചു.
ഡൽഹിയിൽ നടന്ന എഎൻഐ നാഷണൽ സെക്യൂരിറ്റി സമ്മിറ്റ് 3.0-ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറഞ്ഞ ചെലവിൽ നിർമ്മിക്കാവുന്ന ഡ്രോണുകൾക്കും മറ്റ് ആയുധങ്ങൾക്കും അത്യാധുനിക പ്രതിരോധ സംവിധാനങ്ങളെപ്പോലും വെല്ലുവിളിക്കാൻ കഴിയുന്ന സാഹചര്യമാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു മില്യൺ ഡോളർ വിലയുള്ള മിസൈൽ ഉപയോഗിച്ച് 2,500 മുതൽ 3,000 ഡോളർ വരെ മാത്രം വിലയുള്ള ഡ്രോണിനെ നേരിടേണ്ടിവന്നാൽ യുദ്ധത്തിന്റെ സാമ്പത്തിക കണക്ക് തിരിച്ചടിയാകുമെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ പാട്രിയറ്റ് മിസൈൽ ശേഖരം അതിവേഗം കുറഞ്ഞതും അവ വീണ്ടും നിർമ്മിച്ച് ശേഖരം പുനഃസ്ഥാപിക്കാൻ വർഷങ്ങൾ വേണ്ടിവരുമെന്നതും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ അത്യാധുനിക ആയുധങ്ങൾക്കൊപ്പം കുറഞ്ഞ ചെലവിൽ വൻതോതിൽ നിർമ്മിക്കാവുന്ന ആയുധങ്ങളും രാജ്യങ്ങൾക്ക് ആവശ്യമാണ്.
രണ്ടാമത്തെ പ്രധാന മാറ്റം സാങ്കേതിക മേധാവിത്വത്തിനായുള്ള മത്സരമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ, നിർണായക ധാതുക്കൾ എന്നിവയുടെ നിയന്ത്രണം ഭാവിയിൽ രാജ്യങ്ങളുടെ സാമ്പത്തികവും സൈനികവുമായ ശക്തി നിർണയിക്കും. അമേരിക്കയും ചൈനയും ഈ മേഖലയിൽ മുന്നിൽ നിൽക്കുമ്പോൾ മറ്റ് രാജ്യങ്ങളും വിടവ് നികത്താനുള്ള ശ്രമത്തിലാണ്. നിർണായക സാങ്കേതികവിദ്യകളിൽ സ്വയംപര്യാപ്തത നേടേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വ്യക്തമാക്കി.
മൂന്നാമത്തെ മാറ്റം യുദ്ധഭൂമിയുടെ അതിരുകൾ ഇല്ലാതാകുന്നതാണ്. നേരത്തെ യുദ്ധത്തിന് മുൻനിരയും പിൻനിരയും ഉണ്ടായിരുന്നെങ്കിൽ ഇന്ന് ഒരു രാജ്യത്തിന്റെ മുഴുവൻ ഭൂപ്രദേശവും യുദ്ധഭൂമിയായി മാറാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. വ്യവസായ സ്ഥാപനങ്ങൾ, വാർത്താവിനിമയ ശൃംഖലകൾ, വൈദ്യുതി കേന്ദ്രങ്ങൾ, ഡാറ്റാ സംവിധാനങ്ങൾ, സാധാരണ പൗരന്മാർ എന്നിവർക്കുപോലും ആക്രമണ ഭീഷണിയുണ്ടാകാം.
റഷ്യ-യുക്രെയ്ൻ യുദ്ധവും അമേരിക്ക-ഇറാൻ സംഘർഷവും ഉൾപ്പെടെയുള്ള സംഭവവികാസങ്ങൾ ആധുനിക യുദ്ധത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധം ഇനി അതിർത്തികളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. സാങ്കേതികവിദ്യ, ആയുധനിർമാണ ശേഷി, സാമ്പത്തിക കരുത്ത്, പ്രതിരോധ സംവിധാനങ്ങൾ എന്നിവയെല്ലാം നിർണായകമാകുന്ന പുതിയ യുദ്ധകാലത്തിലേക്കാണ് ലോകം നീങ്ങുന്നതെന്ന മുന്നറിയിപ്പാണ് ഇന്ത്യൻ സംയുക്ത സൈനിക മേധാവി നൽകുന്നത്.



