സൗദി മലയാളി ലിറ്റററി ഫെസ്റ്റ്; ജിസിസി തലത്തിൽ കഥാ-കവിതാ രചനാ മത്സരങ്ങൾ സംഘടിപ്പിക്കാനൊരുങ്ങി മലയാളി സമാജം

ദമ്മാം: സൗദി മലയാളി ലിറ്റററി ഫെസ്റ്റിന്റെ ഭാഗമായി മലയാളി സമാജം ജിസിസി രാജ്യങ്ങളിലെ മലയാളി പ്രവാസികൾക്കായി എസ്.എം.എൽ.എഫ്‌ കഥാ–കവിതാ രചനാ മത്സരങ്ങൾ ഒരുക്കുന്നു. പ്രവാസി മലയാളികളുടെ സാഹിത്യസർ​ഗശേഷി പ്രോത്സാഹിപ്പിക്കുകയും മികച്ച സൃഷ്ടികൾ കണ്ടെത്തി വായനാസമൂഹത്തിന് പരിചയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിലേക്ക് നൽകുന്ന രചനകൾ മുമ്പ് പ്രസിദ്ധീകരിക്കാത്ത മൗലിക സൃഷ്ടികളായിരിക്കണം. പങ്കെടുക്കുന്നവർ പ്രവാസിയാണെന്ന് തെളിയിക്കുന്ന രേഖയുടെ പകർപ്പ് രചനയോടൊപ്പം സമർപ്പിക്കണം

രചനയിൽ മത്സരാർത്ഥിയുടെ പേരോ വിലാസമോ ഫോൺ നമ്പറോ മറ്റ് തിരിച്ചറിയൽ വിവരങ്ങളോ രേഖപ്പെടുത്താൻ പാടില്ല. അവ പ്രത്യേകം തയ്യാറാക്കിയ മറ്റൊരു പേജിൽ ഉൾപ്പെടുത്തി രചനയോടൊപ്പം അയയ്ക്കണം. കഥകൾ A4 സൈസ് പേപ്പറിൽ പരമാവധി മൂന്ന് പേജിലും കവിതകൾ A4 സൈസ് പേപ്പറിൽ ഒരു പേജിലും ഒതുങ്ങുന്നതായിരിക്കണം. മത്സരത്തിനുള്ള രചനകൾ സ്വീകരിക്കുന്ന അവസാന തീയതി 2026 ആഗസ്റ്റ് 15 ആണ്. മലയാള സാഹിത്യരംഗത്തുള്ള ജൂറിയാണ് വിജയികളെ തിരഞ്ഞെടുക്കുക. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും. കഥ, കവിത വിഭാഗങ്ങളിൽ ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനക്കാർക്ക് ആകർഷകമായ പുരസ്കാരങ്ങൾ നൽകും.മത്സരത്തിന് ലഭിക്കുന്ന മികച്ചതും പ്രസിദ്ധീകരണയോഗ്യവുമായ രചനകൾ ഉൾപ്പെടുത്തി സൗദി മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ കഥാ-കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിക്കുമെന്നും സംഘാടകർ അറിയിച്ചു. കഥയ്ക്കും കവിതയ്ക്കുമായി പ്രത്യേകം തയ്യാറാക്കിയ താഴെ കൊടുക്കുന്ന ഇ-മെയിൽ വിലാസങ്ങളിലേക്കാണ് രചനകൾ അയയ്ക്കേണ്ടത്. കവിത smlfkavithafest@gmail.com ഇമെയിലിലേക്കും കഥകൾ smlfkadhafest@gmail.com എന്ന ഇമെയിലിലേക്കും അയക്കണം. വിശദവിവരങ്ങൾക്ക് 00966553095517, 00966536232357 എന്നീ വാട്സ്ആപ് നമ്പറുകളിൽ ബന്ധപെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *