കൊച്ചി: ദേശീയപാത 66-ൽ നാട്ടികയിലെ ടോൾ പിരിവിന് ഇടക്കാല സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി. ടോൾ പിരിവിനെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിച്ച കോടതി, ദേശീയപാത അതോറിറ്റിയോടും ജില്ലാ കളക്ടറോടും റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചു. ഹർജി മൂന്നാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.
ദേശീയപാതയുടെ നിർമാണപ്രവൃത്തികൾ പൂർത്തിയാകുന്നതുവരെ നാട്ടികയിലെ ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. സർവീസ് റോഡ് ഉൾപ്പെടെയുള്ള നിർമാണപ്രവൃത്തികൾ പൂർത്തിയാക്കാതെയാണ് ടോൾ പിരിവ് ആരംഭിച്ചതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, ടോൾ പിരിവ് തുടരണമെന്ന നിലപാടാണ് ദേശീയപാത അതോറിറ്റി കോടതിയിൽ സ്വീകരിച്ചത്. നാട്ടികയിലെ ദേശീയപാത നിർമാണത്തിൽ 51 കിലോമീറ്റർ ദൂരത്തെ പ്രവൃത്തികൾ പൂർത്തിയായതായും ഇനി ഒൻപത് കിലോമീറ്റർ മാത്രമാണ് പൂർത്തിയാകാനുള്ളതെന്നും അതോറിറ്റി അറിയിച്ചു. വിജ്ഞാപനപ്രകാരം പൂർത്തിയായ 51 കിലോമീറ്റർ ദൂരത്തിന് ടോൾ പിരിക്കാമെന്നും അധികൃതർ വ്യക്തമാക്കി.
പ്രദേശവാസികൾക്ക് ടോൾ ഇളവുകൾ അനുവദിച്ചിട്ടുണ്ടെന്നും മാസം 360 രൂപ നൽകിയാൽ മതിയെന്നുമാണ് ദേശീയപാത അതോറിറ്റിയുടെ വിശദീകരണം. പ്രദേശവാസികൾക്കാണ് പ്രധാനമായും ആശങ്കയുള്ളതെന്നും ടോൾ പിരിവ് നിർത്തിവയ്ക്കാനാകില്ലെന്നും അതോറിറ്റി കോടതിയെ അറിയിച്ചു.
അതേസമയം, നിർമാണപ്രവൃത്തികൾ പൂർത്തിയാകാതെ ടോൾ പിരിവ് നടത്തുന്നതിനെതിരായ ഹർജിയിൽ ദേശീയപാത അതോറിറ്റിയുടെയും ജില്ലാ കളക്ടറുടെയും റിപ്പോർട്ട് നിർണായകമാകും. മൂന്നാഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കുമ്പോൾ വിഷയത്തിൽ കൂടുതൽ വ്യക്തതയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.



