അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീല്‍ ഫുട്‌ബോള്‍ ടീം ആദ്യമായി ഇന്ത്യന്‍ മണ്ണില്‍ കളിക്കാനിറങ്ങുന്ന ചരിത്രപരമായ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിന് ഫുട്‌ബോള്‍ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് ഇന്ത്യയും ബ്രസീലും തമ്മിലുള്ള പോരാട്ടം നടക്കുന്നത്. ടിക്കറ്റ് വില്‍പ്പന എപ്പോള്‍ ആരംഭിക്കും? ഇന്ത്യ-ബ്രസീല്‍ മത്സരത്തിനായുള്ള ടിക്കറ്റുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന സെപ്റ്റംബര്‍ രണ്ടിന് വൈകുന്നേരം നാലുമണി മുതല്‍ ഔദ്യോഗികമായി ആരംഭിക്കും. ആരാധകരുടെ വന്‍ തിരക്ക് കണക്കിലെടുത്ത് ഘട്ടം ഘട്ടമായാണ് ടിക്കറ്റ് വില്‍പ്പന ക്രമീകരിച്ചിരിക്കുന്നത്. ഡിസ്ട്രിക്റ്റ് ആപ്പിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം.
ടിക്കറ്റ് ഓണ്‍ലൈനായി ബുക്ക് ചെയ്യാനായി നിങ്ങളുടെ ഫോണില്‍ ‘District’ ആപ്പ് തുറക്കുകയോ അല്ലെങ്കില്‍ district.in വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക. ഹോംപേജില്‍ കാണുന്ന ‘FIFA International Friendly – India vs Brazil’ എന്ന ബാനറിലോ അല്ലെങ്കില്‍ സെര്‍ച്ച് ബാറിലോ ക്ലിക്ക് ചെയ്യുക. ‘Buy Tickets’ അല്ലെങ്കില്‍ ‘Book Now’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. സ്റ്റേഡിയത്തിന്റെ മാപ്പ് നോക്കി നിങ്ങള്‍ക്കിഷ്ടമുള്ള സ്റ്റാന്‍ഡും (ഗാലറി/വിഐപി) ടിക്കറ്റുകളുടെ എണ്ണവും തിരഞ്ഞെടുക്കുക (2 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് നിര്‍ബന്ധമാണ്). നിങ്ങളുടെ പേര്, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി എന്നിവ നല്‍കുക. UPI, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്, അല്ലെങ്കില്‍ നെറ്റ് ബാങ്കിംഗ് വഴി പണമടയ്ക്കുക. പണമടച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഇ-ടിക്കറ്റും ക്യുആര്‍ കോഡും ഇമെയില്‍/എസ്എംഎസ് വഴി ലഭിക്കും.
ഗേറ്റ് മത്സരദിവസം വൈകുന്നേരം 4:00 മണി മുതല്‍ ആരാധകര്‍ക്കായി സ്റ്റേഡിയത്തിന്റെ ഗേറ്റുകള്‍ തുറന്നുനല്‍കും.സുരക്ഷാ നിര്‍ദ്ദേശങ്ങള്‍: പ്രവേശന സമയത്ത് ക്യുആര്‍ കോഡുള്ള ഡിജിറ്റല്‍ ടിക്കറ്റോ പ്രിന്റൗട്ടോ ഒറിജിനല്‍ തിരിച്ചറിയല്‍ രേഖയോ കരുതേണ്ടതുണ്ട്.



