വാഷിങ്ടണ്‍: ഇറാനെ സഹായിക്കുന്ന രാജ്യങ്ങള്‍ക്കും ഉപരോധം നേരിടേണ്ടി വന്നേക്കാമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. കിര്‍ഗിസ്ഥാനിലെ ബിഷ്കെക്കില്‍ നടന്ന ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഈ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.മോദി-പെസെഷ്കിയാന് കൂടിക്കാഴ്ചയെക്കുറിച്ചും ഇന്ത്യയും ഇറാനും തമ്മില്‍ ഏതെങ്കിലും വ്യാപാര കരാറിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ടോ എന്നതിനെക്കുറിച്ചുമുള്ള ചോദ്യത്തിന് അങ്ങനെയൊരു വ്യാപാര കരാര്‍ ഉള്ളതായി തനിക്ക് തോന്നുന്നില്ല എന്നാണ് റൂബിയോ പ്രതികരിച്ചത്.
ഇന്ത്യയും ഇറാനും തമ്മിലുള്ള ബന്ധത്തിന്റെ കാര്യം വരുമ്പോള്‍, എല്ലാ രാജ്യങ്ങളും അവരവരുടെ വിദേശനയം രൂപീകരിക്കുന്നുണ്ടെന്നും ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും ഇറാനിലെ ഭരണകൂടവുമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. തെഹ്റാനുമായി പല രാജ്യങ്ങളും ബന്ധം പുലര്‍ത്തുന്നുണ്ടെന്ന് റൂബിയോ സമ്മതിച്ചെങ്കിലും യുഎസ് ഉപരോധങ്ങള്‍ മറികടക്കാന്‍ ഇറാനെ സഹായിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ വാഷിംഗ്ടണ്‍ നടപടിയെടുക്കുമെന്ന് അദ്ദേഹം മുന്നറിപ്പ് നല്കി. ഉപരോധങ്ങള്‍ മറികടക്കാന്‍ ഒരു രാജ്യവും ഇറാനെ സഹായിക്കാന്‍ പാടില്ല. ഭീകരവാദത്തെ പിന്തുണയ്ക്കാനും ആണവായുധം നിര്‍മ്മിക്കാനുള്ള വരുമാനം നേടുന്നതിന് അവരെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളിലും ഒരു രാജ്യവും ഏര്‍പ്പെടാന്‍ പാടില്ലെന്നും റൂബിയോ പറഞ്ഞു.
അത്തരം നടപടികളുമായി മുന്നോട്ട് പോകാന്‍ രാജ്യങ്ങള്‍ തീരുമാനിച്ചാല്‍, അവര്‍ക്കെതിരെയും ഉപരോധം ഏര്‍പ്പെടുത്തേണ്ടി വരും എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എസ്സിഒ ഉച്ചകോടിക്കായി ഇറാന് പ്രസിഡന്റ് ബിഷ്കെക്കിലേക്ക് എത്തിയ വേളയിലാണ് പ്രധാനമന്ത്രി മോദി പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തിയത്. പ്രാദേശികവും അന്താരാഷ്ട്രവുമായ വിഷയങ്ങള്‍ ഉച്ചകോടിയിലെ ചര്‍ച്ചകളില്‍ പ്രധാനമായും ഇടംപിടിച്ചെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചകോടിക്ക് എത്തുന്നതിന് മുന്നോടിയായി, ഇറാന് യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ ഏത് ആക്രമണത്തോടും ശക്തിയോടും ദൃഢനിശ്ചയത്തോടും കൂടി പ്രതികരിക്കുമെന്നും പെസെഷ്കിയന് പറഞ്ഞിരുന്നു. മേഖലയിലെ അസ്ഥിരത എല്ലാ രാജ്യങ്ങള്‍ക്കും ദോഷകരമാകുമെന്ന് മുന്നറിയിപ്പ് നല്കിയ അദ്ദേഹം, സാമ്പത്തിക-സുരക്ഷാ വിഷയങ്ങളില്‍ കൂടുതല്‍ സഹകരണം വേണമെന്നും ആവശ്യപ്പെട്ടു.
ഈ കൂടിക്കാഴ്ച അതീവ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മേഖലയിലെ മിക്ക നേതാക്കളും ഇതില്‍ പങ്കെടുക്കും. ലോകത്ത് ഒരു ഏകീകൃത വ്യവസ്ഥ കെട്ടിപ്പടുക്കാന്‍ ചില അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍, ആഗോളതലത്തില്‍ വൈവിധ്യമാര്‍ന്നതും സ്വതന്ത്രവുമായ ശബ്ദങ്ങള്‍ നിലനില്ക്കുന്നു എന്നതിന്റെ അടയാളമായാണ് ഈ കൂടിക്കാഴ്ചയെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.പെസെഷ്കിയനുമായുള്ള കൂടിക്കാഴ്ചയില്‍, ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചും മോദി ചര്‍ച്ച ചെയ്തെന്നാണ് പ്രതീക്ഷിക്കുന്നത്. പശ്ചിമേഷ്യയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ചര്‍ച്ചകളും നയതന്ത്രപരമായ ഇടപെടലുകളും വേണമെന്ന് ഇന്ത്യ നിരന്തരം ആവശ്യപ്പെട്ടുവരുന്ന പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. നേരത്തെ മാര്‍ച്ചിലും പ്രധാനമന്ത്രി പെസെഷ്കിയനുമായി സംസാരിച്ചിരുന്നു. മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ച് ഇറാന് പ്രസിഡന്റ് അദ്ദേഹത്തെ ധരിപ്പിച്ചിരുന്നു. ഇറാന് ഉള്‍പ്പെടെയുള്ള മേഖലയിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയിലും, ഊര്‍ജ്ജത്തിന്റെയും ചരക്കുകളുടെയും തടസ്സമില്ലാത്ത നീക്കത്തിന്റെ ആവശ്യകതയിലും ഇന്ത്യയ്ക്കുള്ള ആശങ്കകള്‍ പ്രധാനമന്ത്രി മോദി അന്ന് ഉന്നയിച്ചിരുന്നു.



