പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട ഗുണ്ടായിസ വിവാദത്തിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ. രാജൻ ജോസഫിനെ താൻ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ‘സുഖമാണോ ചേട്ടാ’ എന്ന് മാത്രമാണ് ചോദിച്ചതെന്നും അവർ പറഞ്ഞു. അടൂർ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിനുള്ളിൽ താൻ കയറിയിട്ടില്ലെന്നും പ്രതിയെ തിരിച്ചറിയാനുള്ള അവകാശം തനിക്കുണ്ടെന്നും ശ്രീനാദേവി കുഞ്ഞമ്മ വ്യക്തമാക്കി.
ജനപ്രതിനിധിയും പൊതുപ്രവർത്തകയുമെന്ന നിലയിൽ സംയമനത്തോടെയും മാന്യമായുമാണ് രാജൻ ജോസഫിനോട് സംസാരിച്ചതെന്നും അവർ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെയും തന്നെയും പരാമർശിച്ച് രാജൻ ജോസഫ് വീഡിയോ ചെയ്തിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് താൻ സംസാരിച്ചതെന്നും സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചിട്ടില്ലെന്നും ശ്രീനാദേവി കുഞ്ഞമ്മ അവകാശപ്പെട്ടു.
പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ രാജൻ ജോസഫിനെ ആരും മർദിക്കുന്നതായി കാണുന്നില്ലെന്നും അവർ പറഞ്ഞു. പൊലീസിന്റെ സംരക്ഷണം ഉറപ്പുണ്ടെന്ന നിലയിൽ അവിടെ കൂടിയവരോട് രാജൻ ജോസഫ് അസഭ്യം പറയുകയായിരുന്നു. താൻ പൊലീസ് സ്റ്റേഷനിൽ മോശമായി പെരുമാറിയിരുന്നെങ്കിൽ പൊലീസ് തടയുമായിരുന്നുവെന്നും ശ്രീനാദേവി കുഞ്ഞമ്മ കൂട്ടിച്ചേർത്തു.
സംഭവത്തിൽ ഫെനി നൈനാനും പ്രതികരണവുമായി രംഗത്തെത്തി. രാജൻ ജോസഫിനെതിരെ നേരത്തെ നിരവധി പരാതികൾ പൊലീസിൽ നൽകിയിരുന്നുവെന്നും പരാതി നൽകിയ യുവാക്കളാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തപ്പോൾ പൊലീസ് സ്റ്റേഷനിൽ ഒത്തുകൂടിയതെന്നും ഫെനി നൈനാൻ പറഞ്ഞു. തട്ടിപ്പ് കേസിലെ പ്രതിയെ പൊലീസ് സ്റ്റേഷനിൽ എത്തിക്കുമ്പോൾ പണം നഷ്ടപ്പെട്ടവർ ഒത്തുകൂടുന്നതുപോലെയുള്ള സ്വാഭാവിക സാഹചര്യം മാത്രമാണ് അവിടെ ഉണ്ടായതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
രാജൻ ജോസഫിനെ ആരും ആക്രമിച്ചിട്ടില്ലെന്നും തനിക്ക് മർദനമേറ്റിട്ടില്ലെന്ന് അദ്ദേഹം തന്നെ ഫെയ്‌സ്ബുക്കിൽ കുറിച്ചിട്ടുണ്ടെന്നും ഫെനി നൈനാൻ അവകാശപ്പെട്ടു. നിയമം കയ്യിലെടുക്കാൻ തങ്ങൾക്ക് താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അടൂർ പൊലീസ് സ്റ്റേഷനിൽ ശ്രീനാദേവി കുഞ്ഞമ്മയുടെയും ഫെനി നൈനാന്റെയും നേതൃത്വത്തിൽ ഗുണ്ടായിസം നടന്നുവെന്ന ആരോപണത്തിന് പിന്നാലെ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ജൂലൈ 11ന് രാത്രിയായിരുന്നു സംഭവം. ഇരുപതിലധികം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ എത്തിയിട്ടും പൊലീസ് ഇടപെടാതെ നോക്കിനിൽക്കുന്നതും പ്രതിയെ ഗേറ്റ് മുതൽ സ്റ്റേഷനുള്ളിലേക്ക് കൊണ്ടുപോകുന്നതിനിടെ പ്രവർത്തകർ സംഘം ചേർന്ന് മർദിക്കുന്നതും ദൃശ്യങ്ങളിലുണ്ടെന്നാണ് റിപ്പോർട്ട്. വിവരാവകാശ നിയമപ്രകാരമാണ് ദൃശ്യങ്ങൾ ലഭിച്ചത്.



