തനിക്ക് സിനിമയില്‍ നിന്ന് ലഭിച്ച ഭയത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടി പാര്‍വതി തിരുവോത്ത്. ഒരു അഭിമുഖത്തില്‍ സിനിമയില്‍ നിന്ന് പേടി മാറിയ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പാര്‍വതി. സിനിമകള്‍ തന്റെ പേടി മാറ്റുകയല്ല, യഥാര്‍ഥത്തില്‍ പേടി തരികയാണ് ചെയ്തിട്ടുള്ളതെന്ന് പാര്‍വതി പറയുന്നു. ജലത്തോടുള്ള ഭയമായ ‘ഹൈഡ്രോഫോബിയ’ തനിക്ക് എങ്ങനെ ആരംഭിച്ചു എന്നും താരം തുറന്നു പറഞ്ഞു.
‘ഫ്ളാഷ്’ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആ അപകടം സംഭവിക്കുന്നത്. ചിത്രത്തിലെ ഒരു രംഗത്തിനായി ഒരു കുളത്തില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതായി അഭിനയിക്കേണ്ടിയിരുന്നു. നില്‍ക്കാനായി നല്കിയ സ്റ്റൂളില്‍ നിന്ന് കാല്‍തെറ്റി താന്‍ ഞാൻ ശരിക്കും വെള്ളത്തില്‍ മുങ്ങിത്താഴ്ന്നു. ജീവനുവേണ്ടി പൊരുതി വെള്ളത്തിന് മുകളിലേക്ക് കൈയുയര്‍ത്തി ‘രക്ഷിക്കൂ’ എന്ന് അലമുറയിട്ടിട്ടും ക്രൂ അംഗങ്ങള്‍ അത് അഭിനയമാണെന്ന് കരുതി നോക്കിനില്ക്കുകയായിരുന്നു.
തന്റെ ജീവന് അപകടത്തിലാണെന്ന് ചുറ്റുമുള്ളവര്‍ തിരിച്ചറിയാത്ത ആ നിമിഷങ്ങളെക്കുറിച്ച് പാര്‍വതി ഓര്‍ക്കുന്നത് ഇങ്ങനെയാണ്. ‘മുങ്ങുന്ന സമയത്ത് ഞാന്‍ പിന്നെ കാണുന്നത് ചുറ്റും നിന്ന് 15 പേര് ക്യാമറയില്‍ പകര്‍ത്തുന്നതാണ്. അതെനിക്ക് വലിയ ട്രോമയായി.’ അന്ന് ചിത്രീകരണം കഴിഞ്ഞെങ്കിലും ആ ട്രോമ എന്നെ വര്‍ഷങ്ങളോളം വേട്ടയാടി. പിന്നീട് ഷവറിനടിയില്‍ നില്ക്കാന് പോലും തനിക്ക് വലിയ പേടിയായിരുന്നുവെന്നും അത്രത്തോളം ആ സംഭവം മാനസികമായി തളര്‍ത്തിയിരുന്നുവെന്നും താരം പറഞ്ഞു.



