കൊച്ചി: ഉത്തരേന്ത്യൻ ഇൻഫ്ലുവൻസർ അമൃത് സിംഗ് ഡാരന്റെ വർഗീയ പരാമർശത്തിൽ പ്രതികരണവുമായി ഹൈബി ഈഡൻ എംപി. കേരളത്തിനെതിരെ ഉത്തരേന്ത്യൻ ലോബി നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമാണ് വിവാദമെന്ന് ഹൈബി ഈഡൻ ആരോപിച്ചു. ലോകത്ത് കണ്ടിരിക്കേണ്ട 50 നഗരങ്ങളുടെ പട്ടികയിൽ കൊച്ചിയുണ്ടെന്നും നഗരത്തിന്റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫോർട്ട് കൊച്ചി മതസൗഹാർദത്തിന്റെ ഇടമാണെന്നും അമൃത് സിംഗ് ഡാരന്റെ സുരക്ഷയിൽ ആശങ്ക വേണ്ടെന്നും ഹൈബി വ്യക്തമാക്കി. കേരളത്തിൽ അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും ജിന്നയുടെ ചിത്രം ആർട്ട് വർക്കിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദിയ കൃഷ്ണ അമൃത് സിംഗിന് നൽകിയ പിന്തുണ വീട്ടിൽനിന്ന് പഠിച്ച സംസ്കാരത്തിന്റെ ഭാഗമാണെന്നും ഹൈബി പറഞ്ഞു.
അതേസമയം, കാശി ആർട്ട് കഫേ വിവാദത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും പ്രതികരിച്ചു. എന്ത് കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് മലയാളികളാണെന്നും ഉത്തരേന്ത്യക്കാരല്ലെന്നും അദ്ദേഹം പറഞ്ഞു. വിവാദ വിഡിയോയുടെ പിന്നാലെ നടക്കേണ്ടതില്ലെന്നും പകരം മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പാണ് ചർച്ച ചെയ്യേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. മതേതരത്വം സെലക്ടീവായി കാണരുതെന്നും സവർക്കറെ അപമാനിച്ചപ്പോൾ മുഖ്യമന്ത്രി പ്രതികരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഹിന്ദുവികാരം വ്രണപ്പെട്ടപ്പോൾ മുഖ്യമന്ത്രി മൗനം പാലിച്ചതെന്തുകൊണ്ടാണെന്നും ജിന്ന കേരളത്തിൽ ആരുടെ മാതൃകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.



