തമിഴ് താരം ആര്യയും മലയാളി താരം നിഖില വിമലും ഒന്നിക്കുന്ന ‘ഹലോ കാതൽ’ സിനിമയിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ‘കണ്ണും കണ്ണും..’ എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറപ്രവർത്തകർ പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്. പ്രണയത്തിന്റെ മനോഹര നിമിഷങ്ങൾ കോർത്തിണക്കിയ ഗാനം ഇതിനോടകം ശ്രദ്ധ നേടുകയാണ്.
ജി.വി. പ്രകാശ് കുമാർ സംഗീതം നൽകിയ ഗാനത്തിന് ശിവാങ്കിയും കപിൽ കപിലനും ചേർന്നാണ് ശബ്ദം നൽകിയിരിക്കുന്നത്. വരികൾ വിവേകിന്റേതാണ്. ‘പ്രണയ വിലാസം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിഖിൽ മുരളിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. നിഖില വിമലിനൊപ്പം വൈഷ്ണവി ചൈതന്യയും ചിത്രത്തിൽ നായികയായി എത്തുന്നു.
പ്രണയം, ഹാസ്യം, യാത്രകൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ഒരു റൊമാന്റിക് എന്റർടെയ്‌നറായാണ് ചിത്രം ഒരുങ്ങുന്നത്. ആര്യയുടെ നിർമാണ കമ്പനിയായ ദി ഷോ പീപ്പിൾ ആണ് സിനിമ നിർമിക്കുന്നത്.
‘മദ്രാസപട്ടണം’, ‘രാജാ റാണി’ എന്നീ ചിത്രങ്ങൾക്കുശേഷം ആര്യയും ജി.വി. പ്രകാശ് കുമാറും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ജീവാ ശങ്കറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ബിനു നെപ്പോളിയൻ എഡിറ്റിംഗും സ്റ്റണ്ട് സിൽവ സംഘട്ടന സംവിധാനവും കൈകാര്യം ചെയ്യുന്നു.
ഡിസംബർ 4ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. പുതിയ ഗാനത്തിലൂടെ പ്രേക്ഷകരിൽ പ്രണയപ്രതീക്ഷകൾ ഉയർത്തുന്ന ‘ഹലോ കാതൽ’ റിലീസിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ.



