തിരുവനന്തപുരം: റിട്ടയേർഡ് സൈനിക ഉദ്യോഗസ്ഥൻ മേജർ രവിയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എക്സ്-സർവീസ്മെൻ വെൽഫെയർ ആൻഡ് റീഹാബിലിറ്റേഷൻ അസോസിയേഷൻ. കേന്ദ്ര സർക്കാരിനും പ്രതിരോധ മന്ത്രാലയത്തിനും സംഘടന പരാതി നൽകി.
പരിശീലന അക്കാദമിയിൽ ചേർന്നാൽ ജോലി ലഭിക്കുമെന്ന് ഉറപ്പുനൽകിയെന്നും ഈ വാഗ്ദാനത്തിന്റെ പേരിൽ വിദ്യാർത്ഥികളിൽനിന്നും ജോലി അന്വേഷിക്കുന്നവരിൽനിന്നും പണം വാങ്ങിയെന്നുമുള്ള ആരോപണങ്ങൾ പരിശോധിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. പരിശീലന സ്ഥാപനങ്ങൾക്കും റിക്രൂട്ട്‌മെന്റ് ഏജൻസികൾക്കും ആവശ്യമായ അംഗീകാരങ്ങളുണ്ടോയെന്നും അന്വേഷിക്കണമെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
മേജർ രവിയുടേതായി വിവിധ മാധ്യമങ്ങളിൽ വന്ന അഭിമുഖങ്ങളും പ്രസ്താവനകളും പരിശോധിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ദാവൂദ് ഇബ്രാഹിമിനെയും കേന്ദ്ര സർക്കാരിനെയും ബന്ധപ്പെടുത്തി നടത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട പരാമർശങ്ങളുടെ യാഥാർഥ്യവും പശ്ചാത്തലവും അന്വേഷിക്കണമെന്നാണ് മറ്റൊരു ആവശ്യം.
സൈനിക സേവനത്തിന്റെ വിശ്വാസ്യത ഉപയോഗിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് സംഘടന വ്യക്തമാക്കി. വിരമിച്ച സൈനികരുടെ അന്തസ്സും വിശ്വാസ്യതയും സംരക്ഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ആരോപണങ്ങളിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നും നിയമലംഘനങ്ങൾ കണ്ടെത്തിയാൽ നടപടി സ്വീകരിക്കണമെന്നുമാണ് സംഘടനയുടെ ആവശ്യം.



