പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ചേർന്നവതരിപ്പിക്കുന്ന ‘ഹരിവരാസനം’ ജനുവരി 15ന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തും. മകരവിളക്ക് ദിനത്തിൽ റിലീസ് ചെയ്യുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാജേഷ് നായരാണ്. ഡോ. കെ. അമ്പാടിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഇന്ത്യയിലെ വിവിധ ഭാഷകളിൽ ശ്രദ്ധേയമായ ചിത്രങ്ങൾ സമ്മാനിച്ച പനോരമ സ്റ്റുഡിയോസും മലയാളത്തിൽ കലാമൂല്യമുള്ള സിനിമകൾ പ്രേക്ഷകരിലേക്കെത്തിച്ച അജിത് വിനായക ഫിലിംസും ഒന്നിക്കുന്ന ചിത്രം വിശ്വാസം, യുക്തിചിന്ത, ഉദ്വേഗം, മനുഷ്യബന്ധങ്ങൾ എന്നിവ സമന്വയിപ്പിക്കുന്ന പ്രമേയമാണ് അവതരിപ്പിക്കുന്നത്. വൈകാരിക മുഹൂർത്തങ്ങൾക്കൊപ്പം ആകാംക്ഷയും നിഗൂഢതയും നിറഞ്ഞ കഥാസന്ദർഭങ്ങളിലൂടെ മുന്നേറുന്ന ‘ഹരിവരാസനം’ തിയേറ്ററിൽ വേറിട്ടൊരു സിനിമാനുഭവം സമ്മാനിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്തും പനോരമ സ്റ്റുഡിയോസിന്റെ ബാനറിൽ കുമാർ മംഗത് പഥക്കും അഭിഷേക് പഥക്കും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സൈജു കുറുപ്പാണ് ചിത്രത്തിലെ നായകൻ. യോഗി ബാബു, ബേബി ഇവ, സിതാര വിജയൻ, സമ്പത്ത് രാജ് എന്നിവർക്കൊപ്പം ജോയ് മാത്യു, മണിയൻപിള്ള രാജു, ശ്യാമപ്രസാദ്, മധുപാൽ, ടി.ജി. രവി, അഭിരാം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രഞ്ജിൻ രാജാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്.
ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനർ ആർ. ജയചന്ദ്രനാണ്. സജാദ് കാക്കു ഛായാഗ്രഹണവും അജീഷ് ഇടമൺ എഡിറ്റിങ്ങും നിർവഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ ശശി പൊതുവാൾ, പ്രൊഡക്ഷൻ ഡിസൈനർ രാഖിൽ, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ പാർത്ഥൻ, മേക്കപ്പ് ഹസ്സൻ വണ്ടൂർ, അസോസിയേറ്റ് ഡയറക്ടർ പ്രിജിൻ ജെസ്സി എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. ജെഫിൻ ബിജോയ് സ്റ്റിൽസും ഇല്ലുമിനാർട്ടിസ്റ്റ് ഡിസൈനും നിർവഹിക്കുന്നു. പ്രതീഷ് ശേഖറാണ് ചിത്രത്തിന്റെ പി.ആർ.ഒ.



