കോഴിക്കോട്: കായികമേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെന്ന വിവാദത്തില്‍ അറസ്റ്റിലായ അധ്യാപകന് ജിജോ ജെയിംസിനെതിരെ അച്ചടക്ക നടപടി. അന്വേഷണ വിധേയമായി ജിജോ ജെയിംസിനെ സസ്പെന്‍സ് ചെയ്തു. സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. നിലവില്‍ പോലീസിന്റെ കരുതല്‍ തടങ്കലിലാണ് ജിജോ. പെരുമ്പാവൂർ സ്വദേശിയായ ജിജോ നേരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വേങ്ങൂര്‍ ഗ്രാമപഞ്ചായത്തില്‍ മത്സരിച്ചിട്ടുണ്ട്.
നേരത്തെ കെപിഎസ്ടിഎ അംഗമായിരുന്നു. എന്നാല്‍ രണ്ട് വര്‍ഷമായി സംഘടനയില്‍ സജീവമല്ല. അതേസമയം അധ്യാപകന് കെഎസ്ടിഎ അംഗമാണെന്നത് വ്യാജ പ്രചരണമാണെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കി. ഇത്രയധികം ആളുകള്‍ കൂടുന്നിടത്ത് അധ്യാപകന് ബോധപൂര്‍വ്വം പ്രശ്നം ഉണ്ടാക്കുകയായിരുന്നുവെന്നാണ് സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന് പ്രതികരിച്ചത്. സംഭവിച്ചതില്‍ തെറ്റ് പറ്റിയെന്നും മാപ്പ് പറയാമെന്നും അധ്യാപകന് പറഞ്ഞു. എന്നാല്‍ ഇത് ഇയാള്‍ ഒറ്റയ്ക്ക് ചെയ്യുന്നതല്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ‘കായിക മേള കുഴപ്പത്തിലാക്കാന്‍ ശ്രമിക്കുന്നവന് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനമാണ് നടത്തുന്നത്. മറ്റുതാല്‍പര്യങ്ങളുടെ പേരിലാണ് പ്രവര്‍ത്തനം.
മോശപ്പെട്ട മാനസികാവസ്ഥയ്ക്ക് മാറ്റം വരണമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ മാറുമ്പോള്‍ എല്ലാത്തിലും പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. വീഴ്ചകള്‍ ചൂണ്ടികാണിക്കുന്നതില്‍ തെറ്റില്ല. ഇതൊക്കെ പഴയ നമ്പറാണ്. പണം നല്കാതിരിക്കാന് ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചാല്‍ പോക്കറ്റിലുള്ള സാധനം ഭക്ഷണത്തിലേക്ക് ഇട്ട് കടക്കാരനുമായി തല്ലുണ്ടാക്കുന്നത് പഴയ സിനിമയില്‍ കാണാറില്ലേ. അപ്പോള്‍ വാദി പ്രതിയാകുമെന്നും ഷംസുദ്ദീന് ചൂണ്ടിക്കാട്ടി. സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും മേള അലമ്പാക്കാനുള്ള ശ്രമമാണ് നടന്നതെന്നും മന്ത്രി പറഞ്ഞു.



