അവിശ്വസനീയമായ ആ റെക്കോര്‍ഡ് നേട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. വ്യാഴാഴ്ച സൗദി പ്രോ ലീഗില്‍ അല്‍ ഖൊലൂദിനെതിരെ 15 മിനിറ്റിനിടെ നേടിയ മിന്നല്‍ ഹാട്രിക്കോടെ അല്‍ നാസറിനെ 5-3 എന്ന സ്‌കോറിന് വിജയത്തിലെത്തിച്ച പോര്‍ച്ചുഗീസ് സൂപ്പര്‍ താരം തന്റെ കരിയറിലെ ആകെ ഗോളുകളുടെ എണ്ണം 985 ആക്കി ഉയര്‍ത്തി.ആദ്യ പകുതിയില്‍ 2-2 എന്ന നിലയില്‍ സമനിലയില്‍ പിരിഞ്ഞ ആവേശകരമായ മത്സരത്തില്‍ രണ്ടാം പകുതിയിലാണ് റൊണാള്‍ഡോ കളം നിറഞ്ഞത്. 66, 72 മിനിറ്റുകളില്‍ ഗോള്‍ കണ്ടെത്തിയ താരം 81-ാം മിനിറ്റില്‍ തന്റെ ഹാട്രിക് തികച്ചുകൊണ്ട് അല്‍ നസറിന് വിജയം ഉറപ്പാക്കി നല്‍കി. 2023-ല്‍ ക്ലബ്ബില്‍ ചേര്‍ന്നതിന് ശേഷം അല്‍ നസ്‌റിനായി റൊണാള്‍ഡോ നേടുന്ന ഏഴാമത്തെ ഹാട്രിക്കാണിത്.
B.O.A.T. പുരസ്‌കാരവും 41-കാരനായ റൊണാള്‍ഡോ സ്വന്തമാക്കിയിരുന്നു. ആരാധകരുടെ വോട്ടെടുപ്പില്‍ ലയണല്‍ മെസ്സിയുടെ 2012-ലെ പ്രകടനത്തെ പിന്നിലാക്കിയാണ്, 2008-ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ റൊണാള്‍ഡോ നടത്തിയ ആദ്യ ബാലണ്‍ ഡി ഓര്‍ നേട്ടത്തിന്റെ സീസണ്‍ ഈ പുരസ്‌കാരത്തിന് അര്‍ഹമായത്. അഞ്ച് ഔദ്യോഗിക ബാലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങള്‍ റൊണാള്‍ഡോയ്ക്ക് നിലവിലുണ്ട്. ഈ ഹാട്രിക്കോടെ, ആയിരം ഗോളുകള്‍ എന്ന അപൂര്‍വ നാഴികക്കല്ലിലെത്താന്‍ റൊണാള്‍ഡോയ്ക്ക് ഇനി 15 ഗോളുകള്‍ കൂടി മതി. കളി നിര്‍ത്താന്‍ തനിക്ക് ഇപ്പോള്‍ ഉദ്ദേശ്യമില്ലെന്ന് വര്‍ഷങ്ങളായി തെളിയിച്ചുകൊണ്ടിരിക്കുകയാണ് താരം.
തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായി റൊണാള്‍ഡോ തുറന്നുപറഞ്ഞ ലക്ഷ്യത്തിന് തൊട്ടരികിലാണ് ഇപ്പോള്‍ 985 ഗോളുകളുമായി നില്‍ക്കുന്നത്. 2024-ല്‍ തന്റെ മുന്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് സഹതാരം റിയോ ഫെര്‍ഡിനാന്‍ഡുമായുള്ള സംഭാഷണത്തില്‍, കരിയറില്‍ 1,000 ഗോളുകള്‍ തികയ്ക്കുക എന്നത് തന്റെ ഏറ്റവും വലിയ ലക്ഷ്യമാണെന്നും ഫിറ്റ്‌നസ് നിലനിര്‍ത്തുകയും പരിക്കുകളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുകയുമാണ് ഇതില്‍ പ്രധാനമെന്നും റൊണാള്‍ഡോ വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ചത്തെ പ്രകടനത്തോടെ റൊണാള്‍ഡോയുടെ കരിയറിലെ ഹാട്രിക്കുകളുടെ എണ്ണം 67 ആയി ഉയര്‍ന്നു. റയല്‍ മഡ്രിഡില്‍ കളിച്ച കാലത്താണ് അദ്ദേഹം ഏറ്റവും കൂടുതല്‍ ഹാട്രിക്കുകള്‍ നേടിയത് (44 ഹാട്രിക്കുകള്‍). പോര്‍ച്ചുഗലിനായി 10 ഹാട്രിക്കുകളും അല്‍ നസ്‌റിനായി 7 ഹാട്രിക്കുകളും മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, യുവന്റസ് എന്നീ ക്ലബ്ബുകള്‍ക്കായി 3 ഹാട്രിക്കുകള്‍ വീതവും അദ്ദേഹം നേടിയിട്ടുണ്ട്.ഈ ജയത്തോടെ സൗദി പ്രോ ലീഗ് കിരീടം നിലനിര്‍ത്താനുള്ള അല്‍ നാസറിന്റെ പോരാട്ടം ശക്തമായി തുടരുകയാണ്.



