ടെഹ്‌റാൻ: അമേരിക്കയും ഇസ്രയേലും വീണ്ടും സൈനിക ആക്രമണത്തിന് മുതിർന്നാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പ് നൽകി ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനേയി. ശത്രുക്കൾ വീണ്ടും സൈനികമോ ഭീകരവാദപരമോ ആയ ആക്രമണങ്ങൾ നടത്തിയാൽ അതിന്റെ സമയവും അവസാനിപ്പിക്കേണ്ട സാഹചര്യങ്ങളും തീരുമാനിക്കുന്നത് ഇറാൻ സൈന്യവും ജനങ്ങളുമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ച ഖമനേയിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിലാണ് മുന്നറിയിപ്പ്.
ഏതുതരത്തിലുള്ളതും ഏത് തലത്തിലുള്ളതുമായ ഭീഷണികൾക്കും ഉടനടി ശക്തമായ തിരിച്ചടി നൽകണമെന്ന് സൈനിക മേധാവികൾക്ക് ഖമനേയി നിർദേശം നൽകി. തിരിച്ചടി നൽകുമ്പോൾ ഭൂമിശാസ്ത്രപരമായ നിയന്ത്രണങ്ങൾ ഉണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടതായി എഎഫ്പി റിപ്പോർട്ട് ചെയ്തു. അമേരിക്കയും ഇസ്രയേലും ഇറാനെതിരെ വീണ്ടും സൈനിക നടപടി സ്വീകരിച്ചേക്കുമെന്ന മുന്നറിയിപ്പുകൾക്കിടെയാണ് ഖമനേയിയുടെ പ്രതികരണം.
മുതിർന്ന സൈനിക മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് പ്രസ്താവന പുറത്തുവന്നത്. പരമോന്നത നേതാവും സൈനിക നേതൃത്വവും തമ്മിൽ നടന്ന ആദ്യ റിപ്പോർട്ട് ചെയ്യപ്പെട്ട കൂടിക്കാഴ്ചയാണിതെന്നാണ് വിവരം. അമേരിക്കൻ-സയണിസ്റ്റ് ശത്രുക്കളുടേതെന്ന് വിശേഷിപ്പിച്ച എല്ലാ ഭൗതികവും അഭൗതികവുമായ ആസ്തികൾ ഉൾപ്പെടുത്തി ഇറാന്റെ ലക്ഷ്യപ്പട്ടിക പരിഷ്കരിക്കാനും ഖമനേയി നിർദേശിച്ചിട്ടുണ്ട്.
അതിനിടെ, അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് അയച്ച സന്ദേശം ഇറാൻ പരിശോധിച്ചതായും ഉന്നതതല യോഗങ്ങളിൽ വിഷയം ചർച്ച ചെയ്തതായും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇസ്ലാമാബാദ് ധാരണാപത്രത്തിന് പിന്നാലെ ഏർപ്പെടുത്തിയ ഉപരോധങ്ങൾ പിൻവലിക്കുക, മേഖലയിൽനിന്ന് അമേരിക്കൻ സൈനിക സാന്നിധ്യം കുറയ്ക്കുക എന്നിവയാണ് ഇറാൻ മുന്നോട്ടുവെക്കുന്ന പ്രധാന നിബന്ധനകളെന്നും അരാഗ്ചി പറഞ്ഞു.
ഇറാന്റെ നിബന്ധനകൾക്ക് അനുസൃതമായി ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് വാഷിങ്ടണുമായുള്ള ചർച്ചകൾ പുനരാരംഭിക്കാൻ വഴിയൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര നീക്കങ്ങൾക്കിടെയാണ് സൈനിക തിരിച്ചടിയെക്കുറിച്ചുള്ള ഖമനേയിയുടെ കടുത്ത മുന്നറിയിപ്പ് പുറത്തുവന്നിരിക്കുന്നത്.


