ബെർലിൻ: ജർമനിയിലും തെരുവിലിറങ്ങി ജെൻസീകൾ. ആയിരക്കണക്കിന് യുവാക്കളാണ് കഴിഞ്ഞ ദിവസം വിവിധ നഗരങ്ങളിൽ പ്രതിഷേധിക്കാനിറങ്ങിയത്. ജീവിതച്ചെലവ് വർധന, വിദ്യാഭ്യാസമേഖലയിലെ ഫണ്ട് വെട്ടിച്ചുരുക്കൽ, സൈനികസേവനം നിർബന്ധമാക്കൽ തുടങ്ങിയവയ്ക്കെതിരേയാണ് പ്രതിഷേധം. പല നഗരങ്ങളിലെയും പ്രതിഷേധങ്ങൾ അക്രമാസക്തമാവുകയും കടകൾ കൊള്ളയടിക്കപ്പെടുകയും പോലീസുമായി സംഘർഷമുണ്ടാവുകയും ചെയ്തു.
ഹാലോവീൻ കാലമായതിനാൽ അതിന് യോജിക്കുംവിധത്തിൽ വസ്ത്രം ധരിച്ചും മുഖംമൂടിയണിഞ്ഞുമാണ് പലയിടത്തും പ്രതിഷേധക്കാർ ഇറങ്ങിയത്. Gen Z regetl എന്ന ക്യാമ്പയിൻ ഗ്രൂപ്പാണ് ബെർലിൻ, ഫ്രാങ്ക്ഫർട്ട്, മ്യൂണിക്ക് തുടങ്ങി 34 നഗരങ്ങളിലായി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചത്. ഫ്രാൻസും ഇറ്റലിയും ഉൾപ്പെടെയുള്ള മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെ യുവജനപ്രതിഷേധങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു പ്രതിഷേധം.
ഫ്രാങ്ക്ഫർട്ടിൽ, പ്രതിഷേധം അക്രമാസക്തമായതോടെ രണ്ട് വ്യാപാരസ്ഥാപനങ്ങൾ കൊള്ളയടിക്കപ്പെടുകയും മറ്റ് ചിലതിന് സാരമായ കേടുപാടുകൾ സംഭവിച്ചെന്നുമാണ് റിപ്പോർട്ടുകൾ. ഹാംബർഗിൽ പ്രതിഷേധക്കാർ ബാരിക്കേഡുകൾക്ക് തീവെച്ചു. പ്രതിഷേധക്കാരിൽ ചിലർ സുരക്ഷാസേനയ്ക്കു നേരെ കല്ലും സ്ഫോടകവസ്തുക്കളും പെട്രോൾ ബോംബുകളും എറിഞ്ഞു. അക്രമികളെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കിയും പെപ്പർ സ്പ്രേയും പ്രയോഗിച്ചു. യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ ജർമനിയിൽ ജീവിതച്ചെലവ് വർധിച്ചുവരുന്നത് താങ്ങാനാകാത്ത സാഹചര്യമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.



