തിരുവനന്തപുരം : കേരളത്തിന്റെ ഭാവി വികസനത്തിനും സമ്പദ്വ്യവസ്ഥയുടെ വളർച്ചയ്ക്കും വൻകിട നിക്ഷേപങ്ങൾ അനിവാര്യമാണെന്ന് വി.ഡി. സതീശൻ. നിലവിലെ കേരള മോഡൽ വികസനത്തിന് ചില തടസ്സങ്ങൾ നേരിടുന്നുണ്ടെന്നും കാലാനുസൃതമായ മാറ്റങ്ങളിലൂടെ സംസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ എല്ലാ മേഖലകളിലും രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിക്കുകയാണ് ലക്ഷ്യം. എന്നാൽ ഉയർന്ന ജനസാന്ദ്രതയും ഭൂമിയുടെ ലഭ്യതക്കുറവും വികസനത്തിന് വെല്ലുവിളിയാകുന്നുണ്ട്. ഈ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പുതിയ സാധ്യതകൾ കണ്ടെത്തണം. കേരളത്തിൽ നിക്ഷേപം നടത്താൻ നിരവധി വ്യവസായികളും സംരംഭകരും സർക്കാരിനെ സമീപിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ പ്രയോജനപ്പെടുത്തി കേരളത്തെ പ്രധാന തുറമുഖ നഗരമാക്കി മാറ്റാനാണ് ലക്ഷ്യം. വ്യോമയാന മേഖലയിലെ സാധ്യതകൾ ഉപയോഗപ്പെടുത്തി ഏവിയേഷൻ ഹബ്ബായി വളർത്താനും പദ്ധതിയുണ്ട്. പുതിയ നിക്ഷേപങ്ങളിലൂടെ മാത്രമേ സർക്കാരിന്റെ വരുമാനം വർധിപ്പിക്കാനും സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും കഴിയൂ. ലോകമെമ്പാടും അംഗീകരിക്കപ്പെട്ട കേരളത്തിന്റെ മാനവവിഭവശേഷിയും കഴിവുള്ള യുവാക്കളെയും സംസ്ഥാനത്തിന്റെ വളർച്ചയ്ക്കായി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ സമഗ്ര വികസനത്തിനായി രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവെച്ച് എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും വി.ഡി. സതീശൻ ആഹ്വാനം ചെയ്തു.



