തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് അഭിരാമിന്റെ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. അഭിരാമിന്റെ പതിനേഴുകാരനായ സുഹൃത്ത്, ഇയാളുടെ പതിനെട്ടുകാരിയായ പെൺസുഹൃത്ത് അനന്ത, ശ്രീകാര്യം സ്വദേശി ഉമർ എന്നിവരാണ് പ്രതികൾ. കൊലപാതകത്തെക്കുറിച്ച് പെൺകുട്ടിക്ക് അറിവുണ്ടായിരുന്നുവെന്നും കൊലപാതകത്തിന് ശേഷം പ്രതി ഇക്കാര്യം അറിയിച്ചിരുന്നുവെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ. അതേസമയം, അഭിരാമിനെ കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പതിനേഴുകാരന്റെ മൊഴി.
മൃതദേഹം ചാക്കിൽ കെട്ടി വഴിയരികിൽ ഉപേക്ഷിക്കുകയായിരുന്നു. പ്രണയവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പ്രതികളുടെ മൊഴികളിലെ വൈരുധ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. കൊലപാതകത്തിന് ശേഷം ഉമറിനെ വിളിച്ചുവരുത്തിയെന്നാണ് പതിനേഴുകാരൻ നൽകിയ മൊഴി. എന്നാൽ താൻ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നും ഇയാൾ അവകാശപ്പെടുന്നുണ്ട്.
ആദ്യം നൽകിയ മൊഴിയിലും പിന്നീട് നൽകിയ മൊഴിയിലും വ്യത്യാസങ്ങളുള്ളതിനാൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്. സംഭവത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചെന്ന ആരോപണവുമായി അഭിരാമിന്റെ കുടുംബവും രംഗത്തെത്തിയിട്ടുണ്ട്. അന്വേഷണത്തിലെ കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് നാട്.



