കാഠ്മണ്ഡു: നേപ്പാളിലെ മൗണ്ട് എവറസ്റ്റ് മേഖലയിൽ രണ്ട് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇന്ത്യൻ വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം. മൂന്ന് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ സോലുഖുംബു ജില്ലയിലെ ഫെറിച്ചെയിലാണ് അപകടം ഉണ്ടായത്.
ഫിഷ്‌ടെയിൽ എയർ ഹെലികോപ്റ്ററിൽ യാത്ര ചെയ്തിരുന്ന ഇന്ത്യൻ പൗരനായ വസന്ത് കുമാർ ബാലരാമരമാടുവാണ് മരിച്ചത്. ന്യൂസിലൻഡ് പൗരനും ഇന്ത്യൻ വംശജനുമായ ഷൈലേഷ് കൃഷ്ണ പട്ടേലിനും അപകടത്തിൽ പരിക്കേറ്റു. ഇയാളെ പ്രഭു എയർ ഹെലികോപ്റ്ററിൽ കാഠ്മണ്ഡുവിലെ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ രണ്ട് ഹെലികോപ്റ്ററുകളുടെയും പൈലറ്റുമാർക്കും നിസാര പരിക്കേറ്റിട്ടുണ്ട്. ഇവരെയും തുടർചികിത്സയ്ക്കായി കാഠ്മണ്ഡുവിലേക്ക് മാറ്റി.
എയർ ഡൈനസ്റ്റി, ഫിഷ്‌ടെയിൽ എയർ എന്നീ കമ്പനികളുടെ ഹെലികോപ്റ്ററുകളാണ് രാവിലെ 8.11ഓടെ ലാൻഡിങ്ങിനിടെ കൂട്ടിയിടിച്ചത്. ഖുംബു പസാങ് ല്ഹാമു ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലാണ് അപകടം സംഭവിച്ചത്.
അപകടത്തിൽ ഒരു വിദേശി സംഭവസ്ഥലത്തുതന്നെ മരിച്ചതായും പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റിയതായും സോലുഖുംബു ജില്ലാ പൊലീസ് മേധാവി നവിൻ രാജ ബുധതോക്കി എഎഫ്പിയോട് വ്യക്തമാക്കി.



