ഡൽഹി : ഡൽഹിയിലെ വായുമലിനീകരണം വീണ്ടും രൂക്ഷമായതോടെ ഡൽഹി-എൻസിആറിൽ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിന്റെ രണ്ടാംഘട്ട നിയന്ത്രണങ്ങൾ (GRAP-II) പ്രാബല്യത്തിൽ. ഈ സീസണിൽ ആദ്യമായി വായുനിലവാരം ‘വളരെ മോശം’ വിഭാഗത്തിലെത്തിയതോടെയാണ് വായു ഗുണനിലവാര മാനേജ്മെന്റ് കമ്മീഷൻ അടിയന്തര നടപടി സ്വീകരിച്ചത്. നവംബർ രണ്ടിന് വൈകിട്ട് നാലുമണിയോടെ ഡൽഹിയിലെ വായുഗുണനിലവാര സൂചിക 324 ആയി ഉയർന്നു.
കാലാവസ്ഥാ സാഹചര്യങ്ങൾ വരും ദിവസങ്ങളിലും മലിനീകരണം ഉയർന്ന നിലയിൽ തുടരാൻ ഇടയാക്കുമെന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ഒന്നാംഘട്ട നിയന്ത്രണങ്ങൾക്കൊപ്പം രണ്ടാംഘട്ട നടപടികളും നടപ്പാക്കാൻ ബന്ധപ്പെട്ട ഏജൻസികൾക്ക് നിർദേശം നൽകി.
റോഡുകളിലെ പൊടി നിയന്ത്രിക്കാൻ യന്ത്രസഹായത്തോടെയുള്ള ശുചീകരണം, വെള്ളം തളിക്കൽ, ആന്റി സ്മോഗ് ഗണ്ണുകളുടെ ഉപയോഗം എന്നിവ ശക്തമാക്കും. മാലിന്യങ്ങളും നിർമാണ അവശിഷ്ടങ്ങളും കൃത്യമായി നീക്കം ചെയ്യാനും തുറസ്സായ സ്ഥലങ്ങളിൽ മാലിന്യം കത്തിക്കുന്നത് തടയാനും നടപടി സ്വീകരിക്കും.
ഗതാഗതക്കുരുക്ക് കുറയ്ക്കാൻ തിരക്കേറിയ ജങ്ഷനുകളിൽ ട്രാഫിക് പൊലീസിനെ വിന്യസിക്കും. വാഹനങ്ങളുടെ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുകയും പുക പുറന്തള്ളുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കുകയും ചെയ്യും. പഴയ ഡീസൽ, പെട്രോൾ വാഹനങ്ങൾ സംബന്ധിച്ച നിയന്ത്രണങ്ങളും കർശനമാക്കും.
വ്യവസായശാലകൾ, ഇഷ്ടിക ചൂളകൾ, വൈദ്യുത നിലയങ്ങൾ എന്നിവിടങ്ങളിലും പരിശോധന ശക്തമാക്കും. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, വഴിയോര ഭക്ഷണശാലകൾ എന്നിവിടങ്ങളിലെ തന്തൂരുകളിൽ കൽക്കരിയും വിറകും ഉപയോഗിക്കുന്നത് ഒഴിവാക്കി വൈദ്യുതിയോ ഗ്യാസോ ഉപയോഗിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.



