ഉത്തർപ്രദേശിൽ ശമ്പളം വാങ്ങാനായി സ്കൂളിലേക്ക് പോയ അധ്യാപികയെ കൊലപ്പെടുത്തി മൃതദേഹം വഴിയരികിലെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. ഗോരഖ്പൂരിലെ ജംഗ പ്രദേശത്ത് താമസിക്കുന്ന റാണി വിശ്വകർമയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽ നിഷാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച സ്കൂളിൽനിന്ന് ശമ്പളം വാങ്ങാനായി പോകുകയാണെന്ന് പറഞ്ഞാണ് റാണി വീട്ടിൽനിന്ന് ഇറങ്ങിയത്. എന്നാൽ പിന്നീട് തിരിച്ചെത്തിയില്ല. അന്നുതന്നെ ഗോരഖ്പൂരിൽനിന്ന് 50 കിലോമീറ്ററോളം അകലെ ദേവ്റിയയിലെ രുദ്രപൂർ മേഖലയിൽ റോഡരികിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. സമീപത്ത് തിരിച്ചറിയൽ രേഖകളൊന്നും ഉണ്ടായിരുന്നില്ല. തുടർന്ന് പൊലീസ് മൃതദേഹത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെയാണ് മരിച്ചത് റാണിയാണെന്ന് തിരിച്ചറിഞ്ഞത്.
റാണി സ്കൂളിലേക്ക് പോയിട്ട് മടങ്ങിയെത്തിയില്ലെന്ന് കുടുംബം പൊലീസിനെ അറിയിച്ചു. പ്രിൻസിപ്പലിന്റെ ഭാഗത്തുനിന്ന് റാണിക്ക് നേരത്തേ ഉപദ്രവമുണ്ടായിരുന്നുവെന്നും ഇതിൽ അവർ അസ്വസ്ഥയായിരുന്നുവെന്നും കുടുംബം ആരോപിച്ചു.
ചോദ്യം ചെയ്യലിൽ റാണിയുമായി കഴിഞ്ഞ കുറച്ചുവർഷങ്ങളായി ബന്ധമുണ്ടായിരുന്നുവെന്നും തന്നെ വിവാഹം കഴിക്കാൻ റാണി സമ്മർദം ചെലുത്തിയിരുന്നുവെന്നും നിഷാദ് പൊലീസിനോട് പറഞ്ഞതായാണ് റിപ്പോർട്ട്. ശനിയാഴ്ച കാറിൽ കൂടെ വരാൻ റാണിയോട് ആവശ്യപ്പെട്ടെന്നും യാത്രയ്ക്കിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായപ്പോൾ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നുമാണ് പൊലീസ് പറയുന്നത്. മൃതദേഹം വഴിയരികിൽ ഉപേക്ഷിച്ച ശേഷം തെളിവുകൾ നശിപ്പിക്കാനും ശ്രമിച്ചതായാണ് കേസ്.
സംഭവത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച റാണിയുടെ കുടുംബാംഗങ്ങളും നാട്ടുകാരും ഗോരഖ്പൂരിൽ റോഡ് ഉപരോധിച്ചു. കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും പ്രതിയുടെ സ്കൂളും വീടുകളും പൊളിച്ചുനീക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കൊലപാതകത്തിൽ നിഷാദിന് പുറമേ മറ്റുള്ളവർക്കും പങ്കുണ്ടെന്നും അവരെയും അറസ്റ്റ് ചെയ്യണമെന്നുമായിരുന്നു ആവശ്യം.
പൊലീസും ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്നും മറ്റുള്ളവരുടെ പങ്കും അന്വേഷിക്കുമെന്നും ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് നിഷാദിനെതിരെ കേസെടുത്തിരിക്കുന്നതെന്ന് ജംഗ പൊലീസ് സ്റ്റേഷൻ ഓഫീസർ ഗ്യാനേന്ദ്ര സിങ് അറിയിച്ചു.



