കൊച്ചി : ആസൂത്രണ ബോർഡ് നിയമനവുമായി ബന്ധപ്പെട്ട മൂല്യനിർണയത്തിലെ വീഴ്ച സാങ്കേതിക പിഴവ് മാത്രമാണെന്ന് പി.എസ്.സി ഹൈക്കോടതിയിൽ. പിഴവ് കണ്ടെത്തിയതിനെ തുടർന്ന് ഉടൻ തിരുത്തി ഷോർട്ട് ലിസ്റ്റ് പുനഃപ്രസിദ്ധീകരിച്ചെന്നും പി.എസ്.സി കോടതിയെ അറിയിച്ചു. ഉദ്യോഗാർഥി ചൂണ്ടിക്കാട്ടിയ ഒരൊറ്റ പിഴവ് മാത്രമാണ് ഉണ്ടായതെന്നും പി.എസ്.സി വ്യക്തമാക്കി.
എന്നാൽ ഒരൊറ്റ പിഴവ് മാത്രമാണുണ്ടായതെന്ന് ഉറപ്പാണോയെന്ന് കോടതി ആരാഞ്ഞു. ആവർത്തിച്ചുള്ള പിഴവുകളെക്കുറിച്ച് കേൾക്കുന്നുണ്ടല്ലോയെന്നും കോടതി നിരീക്ഷിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ഭരണകക്ഷിയുമായി ബന്ധമുള്ളവരാണെന്ന ആരോപണവും കോടതി ഉന്നയിച്ചു.
എന്നാൽ ഇത്തരം വാദങ്ങൾ ശരിയല്ലെന്നും മാധ്യമങ്ങളിലാണ് ഇത്തരം വാർത്തകൾ വരുന്നതെന്നുമായിരുന്നു പി.എസ്.സിയുടെ മറുപടി. മാധ്യമവാർത്തകളല്ല യാഥാർഥ്യമെന്നും അവ കോടതി പരിഗണിക്കരുതെന്നും പി.എസ്.സി ആവശ്യപ്പെട്ടു.
ആസൂത്രണ ബോർഡ് നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പി.എസ്.സി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.



