വയനാട്: മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദത്തിൽ പുതിയ വഴിത്തിരിവ്, വിനോദയാത്രയ്ക്ക് അനുമതി തേടി സ്കൂൾ അധികൃതർ നേരത്തെ തന്നെ അപേക്ഷ നൽകിയിരുന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഓഗസ്റ്റ് 14ന് ആർഡിഡിക്ക് അപേക്ഷ നൽകിയെങ്കിലും രണ്ടുമാസത്തോളം മറുപടി ലഭിച്ചില്ലെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെ ഒക്ടോബർ 25നാണ് വിദ്യാർഥികളുമായി വിനോദയാത്ര നടത്തിയത്. എന്നാൽ, അനുമതിയില്ലാതെ യാത്ര സംഘടിപ്പിച്ചെന്ന കാരണം ചൂണ്ടിക്കാട്ടി പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലംമാറ്റുകയായിരുന്നു.
യാത്രയ്ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന ആരോപണവും വിവാദമായിരുന്നു. എന്നാൽ വൈദ്യപരിശോധനയിൽ പ്രിൻസിപ്പൽ മദ്യപിച്ചിട്ടില്ലെന്നാണ് വ്യക്തമായത്. പ്രിൻസിപ്പലിന്റെ സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ പഠിപ്പ് മുടക്കി സമരവും നടത്തി. ഇപ്പോൾ അപേക്ഷയുടെ പകർപ്പ് പുറത്തുവന്നതോടെ നടപടി വീണ്ടും ചർച്ചയാകുകയാണ്. അപേക്ഷ നൽകിയിട്ടും മറുപടി ലഭിക്കാത്തത് എന്തുകൊണ്ട്? ഈ വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പ് ഇനി എന്ത് നിലപാടെടുക്കും? ഉറ്റുനോക്കുകയാണ് നാട്ടുകാരും വിദ്യാർഥികളും. അതേസമയം, അപേക്ഷ ലഭിച്ചിട്ടും മറുപടി നൽകാതിരുന്നതിന് ഉത്തരവാദികൾ ആരാണെന്ന ചോദ്യവും ഉയരുന്നുണ്ട്. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താൻ അധികൃതരുടെ വിശദീകരണവും ഇനി നിർണായകമാകും.



