ചണ്ഡീഗഢ്: ആം ആദ്മി പാര്‍ട്ടിയുടെ മൂന്ന് സിറ്റിങ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് പോയതിന് പിന്നാലെ പഞ്ചാബ് രാഷ്ട്രീയത്തില്‍ നിര്‍ണായക നീക്കങ്ങള്‍. 77 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥി പട്ടിക പുറത്തുവരുന്നതോടെ കൂടുതല്‍ നേതാക്കള്‍ പടിയിറങ്ങുമെന്നാണ് സൂചന. എഎപി വിടുന്ന നേതാക്കളെ തങ്ങളുടെ പാളയത്തില്‍ എത്തിക്കാനുള്ള കരുനീക്കത്തിലാണ് ബിജെപി. അതൃപ്തരായ എഎപി മുന്‍ മന്ത്രിമാരെയും ജില്ലാതല നേതാക്കളെയും മുന്‍നിര്‍ത്തി ഭരണവിരുദ്ധ വികാരം ആളിക്കത്തിക്കാനാണ് ബിജെപിയുടെ ശ്രമം.
രണ്ടാം പട്ടികയില്‍ തഴയപ്പെടാന്‍ സാധ്യതയുള്ള നേതാക്കളും ബിജെപിയുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പരമ്പരാഗതമായി മുന്നേറ്റമില്ലാത്ത മണ്ഡലങ്ങളില്‍ അടിത്തറ പാകിയിടാനാണ് ബിജെപി നിലവില്‍ ശ്രമിക്കുന്നത്.
മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ഡോ. വിജയ് സിംഗ്ല, ഫൗജ സിങ് സരാരി തുടങ്ങിയവരെ ബിജെപി ചര്‍ച്ചക്ക് ക്ഷണിച്ചിട്ടുണ്ട്. ഭരണം നിലനിര്‍ത്താന്‍ ജനപ്രീതി കുറഞ്ഞ നിരവധി സിറ്റിങ് എംഎല്‍എമാരെ ഒഴിവാക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമായതോടെയാണ് എഎപി കൊഴിഞ്ഞുപോക്ക് ഭീഷണി നേരfടുന്നത്. കോണ്‍ഗ്രസ്, ശിരോമണി അകാലിദള്‍ തുടങ്ങിയ പാര്‍ട്ടികളില്‍ നിന്ന് എഎപിയിലെത്തി വിജയിച്ച ചില എംഎല്‍എമാര്‍ക്ക് മണ്ഡലങ്ങളിലെ ഉദ്യോഗസ്ഥ മേധാവിത്വത്തിലും പാര്‍ട്ടി നിരീക്ഷകരുടെ അമിത ഇടപെടലുകളിലും അതൃപ്തിയുണ്ട്. എന്നാല്‍ ഇടഞ്ഞുനില്‍ക്കുന്ന നേതാക്കളെ ഒപ്പം നിര്‍ത്താനുള്ള ചര്‍ച്ചക്ക് ഒരുങ്ങുകയാണ് ആം ആദ്മി ദേശീയ നേതൃത്വം.



