മുംബൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുംബൈയിൽ നടത്തിയ പ്രതിഷേധപരിപാടിയിൽ പങ്കെടുത്തതിന് ഹൈക്കോടതിയിൽ നിരുപാധികം മാപ്പുപറഞ്ഞ് യുഎസ് പൗരനായ ബോളിവുഡ് നടൻ ഇമ്രാൻ ഖാൻ. രാജ്യത്തു പ്രതിഷേധിക്കാനുള്ള മൗലികാവകാശം ഇന്ത്യൻ പൗരന്മാർക്ക് മാത്രമാണുള്ളതെന്നും വിദേശ പൗരന്മാർക്ക് അതിന് അവകാശമില്ലെന്നുമുള്ള കോടതിയുടെ താക്കീതിന് പിന്നാലെയാണിത്.
ഭാവിയിൽ ഇന്ത്യയിൽ രാഷ്ട്രീയ പ്രതിഷേധങ്ങളിൽ പങ്കെടുക്കില്ലെന്നുള്ള സത്യവാങ്മൂലവും നടൻ കോടതിക്കു കൈമാറി. പിന്നാലെ, രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടു പൊലീസ് നൽകിയ നോട്ടിസ് നടപ്പാക്കുന്നതു കോടതി താൽക്കാലികമായി തടഞ്ഞു. കേസ് ഡിസംബർ 7ലേക്കു മാറ്റിവച്ച കോടതി, ഇമ്രാൻ ഖാന് അതുവരെ ഇന്ത്യയിൽ തുടരാൻ അനുമതി നൽകി.
ചീഫ് ജസ്റ്റിസ് മഹേഷ്ചന്ദ്ര ത്രിപാഠി, ജസ്റ്റിസ് അദ്വൈത് സേത്‌ന എന്നിവരടങ്ങിയ ബെഞ്ചാണു കേസ് പരിഗണിച്ചത്. ഒസിഐ (ഓവർസീസ് സിറ്റിസൻ ഓഫ് ഇന്ത്യ) കാർഡുള്ള വിദേശ പൗരനായ ഇമ്രാൻ ഖാന് ഇന്ത്യൻ പൗരരെപ്പോലെ പ്രതിഷേധിക്കാൻ അവകാശമില്ലെന്നു കോടതി ഓർമിപ്പിച്ചു.



