തിരുവനന്തപുരം: ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജ് സുകുമാരനെയും കുഞ്ചാക്കോ ബോബനേയും സംസ്ഥാന വനം വകുപ്പ് അംബാസഡർമാരായി നിയമിച്ചു. വനസംരക്ഷണം, വന്യജീവി പരിപാലനം, പരിസ്ഥിതി സന്തുലിതാവസ്ഥ, ജൈവവൈവിധ്യ സംരക്ഷണം എന്നിവയെക്കുറിച്ച് പൊതുജനങ്ങളിൽ വിപുലമായ അവബോധം വളർത്തുക എന്നതാണ് ഈ നിയമനത്തിന്റെ പ്രധാന ലക്ഷ്യം. വനം വകുപ്പിന്റെ വിവിധ പദ്ധതികളും പൊതുജനസേവനങ്ങളും കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ, റെക്കോർഡ് ചെയ്ത സന്ദേശങ്ങൾ, ഡിജിറ്റൽ പ്രചാരണങ്ങൾ എന്നിവയിലെല്ലാം ഇരുവരും പങ്കാളികളാകും.
വനം വകുപ്പ് മേധാവിയുടെ ശുപാർശയെത്തുടർന്ന് തങ്ങളുടെ സ്വകാര്യ സേവന അടിസ്ഥാനത്തിലാണ് ഇരുവരെയും അംബാസഡർമാരായി നിയമിച്ചിരിക്കുന്നത് ഒക്ടോബർ അവസാന വാരത്തിൽ വെച്ച് കുഞ്ചാക്കോ ബോബനെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ പൃഥ്വിരാജ് സുകുമാരനെയും ഉൾപ്പെടുത്തി ഇരുവരെയും വനം വകുപ്പ് അംബാസഡർമാരായി ഔദ്യോഗികമായി നിയമിച്ചുകൊണ്ടുള്ള ഉത്തരവാണ് പുറത്തിറങ്ങിയിരിക്കുന്നത്.



