ന്യൂഡൽഹി: വിമാനയാത്ര മൂലമുണ്ടാകുന്ന കാര്‍ബണ്‍ ബഹിർഗമനം കുറയ്ക്കുന്നതിനായി സുസ്ഥിര വ്യോമയാന ഇന്ധനം നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിനായുള്ള എസ്എഎഫ് നയത്തിന്റെ കരട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ തയ്യാറാക്കി. 2027 മുതല്‍ വിമാന ഇന്ധനമായ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലില്‍ ഒരു ശതമാനം എസ്എഎഫ് കലര്‍ത്താനാണ് നിര്‍ദേശം. 2030ഓടെ ഇത് അഞ്ച് ശതമാനമായും 2040ഓടെ 20 ശതമാനമായും ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. നയത്തിന്റെ കരട് തയ്യാറായെങ്കിലും വ്യോമയാന മന്ത്രാലയത്തിന്റെ അന്തിമ അംഗീകാരം ലഭിച്ചിട്ടില്ല.
മന്ത്രാലയത്തിന്റെ അംഗീകാരം ലഭിക്കുന്നതോടെ നയം ഔദ്യോഗികമായി നിലവില്‍ വരും. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ അന്താരാഷ്ട്ര വ്യോമയാന കാര്‍ബണ്‍ ഓഫ്സെറ്റിങ് ആന്‍ഡ് റിഡക്ഷന്‍ പദ്ധതിയായ കോര്സിയയില് 2027 മുതല്‍ ഇന്ത്യ പങ്കാളിയാകും. ആദ്യഘട്ടത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകളില്‍ എസ്എഎഫ് ഉപയോഗം നിര്‍ബന്ധമാക്കാനാണ് നിര്‍ദേശം. 2027ല്‍ ഒരു ശതമാനം, 2028ല്‍ രണ്ട് ശതമാനം, 2030ല്‍ അഞ്ച് ശതമാനം എന്നിങ്ങനെയാണ് ലക്ഷ്യമിടുന്നത്. 2031 മുതല്‍ 2040 വരെയുള്ള രണ്ടാം ഘട്ടത്തില്‍ എസ്എഎഫ് ഉപയോഗം കൂടുതല്‍ വര്‍ധിപ്പിക്കും. 2040ഓടെ 20 ശതമാനത്തിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന എസ്എഎഫ് മാത്രമേ പരമ്പരാഗത വിമാന ഇന്ധനമായ എടിഎഫില്‍ കലര്‍ത്താന്‍ അനുവദിക്കൂ. എസ്എഎഫ് ഉത്പാദന കേന്ദ്രങ്ങളിലോ റിഫൈനറികളിലോ ഇടക്കാല സംഭരണ കേന്ദ്രങ്ങളിലോ ഇന്ധനം കലര്‍ത്തി വിമാനത്താവളങ്ങളിലേക്ക് വിതരണം ചെയ്യാനാണ് നിര്‍ദേശം. പരമ്പരാഗത ജെറ്റ് ഇന്ധനത്തേക്കാള്‍ രണ്ടുമുതല്‍ മൂന്നുമടങ്ങ് വരെ വില എസ്എഎഫിന് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.



