തിരുവനന്തപുരം: വൈദ്യുതി കരാറും സംസ്ഥാന സർക്കാരിന്റെ പുതിയ സരൾ നിയമവും ഉയർത്തിക്കാട്ടി സർക്കാരിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി എൽഡിഎഫ്. നവംബർ 26ന് മണ്ഡലം കേന്ദ്രങ്ങളിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ അറിയിച്ചു. വൈദ്യുതി കരാറുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചു.
ജി.എൻ.എ (GNA) വഴി കരാറുണ്ടാക്കിയാൽ വൈദ്യുതി ബോർഡിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നതിനാലാണ് ബോർഡ് അതിൽ നിന്ന് പിന്മാറിയതെന്ന് ടി.പി. രാമകൃഷ്ണൻ പറഞ്ഞു. എന്നാൽ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ കർശന നിലപാട് സ്വീകരിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ബോർഡിന് താൽപര്യമില്ലാത്ത കാര്യത്തിൽ മുഖ്യമന്ത്രി എന്തിനാണ് നിർബന്ധം പിടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്ത കമ്പനികളെ ഒഴിവാക്കിയതും കരാറിനെ എതിർത്ത ഐഎഎസ് ഉദ്യോഗസ്ഥനെ മാറ്റിയതും മുഖ്യമന്ത്രിയുടെ വാശിയുടെ ഭാഗമാണെന്നും ടി.പി. രാമകൃഷ്ണൻ വിമർശിച്ചു.
തണ്ണീർത്തട-വയൽ നിയമത്തിന് വിരുദ്ധമായ സരൾ നിയമം വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അദ്ദേഹം ആരോപിച്ചു. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയാണ് നവംബർ 26ന് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നതെന്നും വ്യക്തമാക്കി. പി.എസ്.സിയെ തകർക്കാനാണ് സർക്കാരിന്റെ നീക്കമെന്നും സ്ഥാപനത്തെ സംരക്ഷിക്കാനാണ് എൽഡിഎഫ് നിലകൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള തർക്കത്തിൽ എൽഡിഎഫിൽ ഇതുവരെ ചർച്ച നടന്നിട്ടില്ലെന്ന് ടി.പി. രാമകൃഷ്ണൻ പറഞ്ഞു. പദവി സിപിഐ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സ്ഥാനം സിപിഎമ്മിന് തന്നെ വേണമെന്നാണ് സിപിഎമ്മിന്റെ നിലപാടെന്നാണ് റിപ്പോർട്ടുകൾ. ഈ വിഷയത്തിലെ ചില എതിർപ്പുകളാണ് സിപിഐയുടെ പാർലമെന്ററി പാർട്ടി യോഗത്തിലെ സഹകരണത്തെ ബാധിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ ഇക്കാര്യം എൽഡിഎഫ് യോഗത്തിൽ ചർച്ച ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി.
പുന്നപ്ര-വയലാർ സമരവുമായി ബന്ധപ്പെട്ട് ‘ചിന്ത’ വാരികയിൽ സിപിഐക്കെതിരെ വന്ന വിമർശനവും വലിയ പ്രശ്നമായി കാണേണ്ടതില്ലെന്നാണ് ടി.പി. രാമകൃഷ്ണന്റെ നിലപാട്. വിഷയം ചർച്ചയിലൂടെ പരിഹരിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മും സിപിഐയും ഒന്നിച്ചാണ് പുന്നപ്ര-വയലാർ വാർഷികം ആചരിച്ചത്. മുന്നണിയിൽ സിപിഐ ഇത്തരമൊരു പ്രശ്നം ഉന്നയിച്ചിട്ടില്ലെന്നും ഇരു പാർട്ടികൾക്കുമിടയിൽ അഭിപ്രായവ്യത്യാസങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



