കുവൈത്ത് : ഫോട്ടോ എടുക്കാനും വീഡിയോ ചിത്രീകരിക്കാനും ലൈവ് ചെയ്യാനും വിലക്ക്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് സിവിൽ ഏവിയേഷൻ അതോറിറ്റി. വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും വിവിധ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കുമാണ് പുതിയ നിർദേശം ബാധകമാകുന്നത്.
മൊബൈൽ ഫോണുകൾ, ക്യാമറകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ ചിത്രീകരണം നടത്തുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. യാത്രക്കാരുടെ ടെർമിനലുകൾ, വിമാനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലങ്ങൾ, അഡ്മിനിസ്ട്രേഷൻ കെട്ടിടങ്ങൾ, സാങ്കേതിക വിഭാഗങ്ങൾ എന്നിവയെല്ലാം നിയന്ത്രണത്തിന്റെ പരിധിയിൽ വരും.
ഇതിനുപുറമെ, വിമാനത്താവളത്തിലെ ആഭ്യന്തര രേഖകൾ, ഔദ്യോഗിക കത്തിടപാടുകൾ, സുരക്ഷാ പരിശോധനാ സംവിധാനങ്ങൾ, നിരീക്ഷണ ക്യാമറകൾ, വിമാനങ്ങളുടെ നീക്കങ്ങൾ, പ്രവർത്തന വിവരങ്ങൾ എന്നിവ ചിത്രീകരിക്കുന്നതിനും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതിനും വിലക്കുണ്ട്.
വിമാനത്താവളം അതീവ സുരക്ഷാ പ്രാധാന്യമുള്ള മേഖലയായതിനാൽ സുരക്ഷ ഉറപ്പാക്കാനും ജീവനക്കാരുടെയും യാത്രക്കാരുടെയും സ്വകാര്യത സംരക്ഷിക്കാനുമാണ് തീരുമാനമെന്നാണ് അധികൃതരുടെ വിശദീകരണം.
നവംബർ അഞ്ചിന് പുറത്തിറക്കിയ സർക്കുലർ പ്രകാരം നിയമം ലംഘിക്കുന്നവർക്കെതിരെ കുവൈത്തിലെ നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് നടപടിയുണ്ടാകും. പുതിയ നിർദേശം ഉടൻ പ്രാബല്യത്തിൽ വന്നതായും റിപ്പോർട്ടുകളുണ്ട്.
എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം, ഈ നിയന്ത്രണം വിമാനത്താവളത്തിൽ ജോലി ചെയ്യുന്നവർക്കും അവിടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കുമാണ് പ്രധാനമായും ബാധകമാകുന്നത്. യാത്രക്കാർക്ക് പൊതുവായി ഫോട്ടോ എടുക്കുന്നതിന് സമ്പൂർണ വിലക്കാണെന്ന് ഈ ഉത്തരവ് വ്യക്തമാക്കുന്നില്ല.



