ഡൽഹി : എസ്ഐആർ നടപടികളുടെ ഭാഗമായി വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കപ്പെട്ടവർക്ക് ആശ്വാസവാർത്ത. ആറ് സംസ്ഥാനങ്ങളിലും ഡൽഹിയിലും ഒഴിവാക്കപ്പെട്ട വോട്ടർമാർക്ക് പേര് വീണ്ടും ചേർക്കാൻ ഒരവസരം കൂടി നൽകാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി.
മഹാരാഷ്ട്ര, ഹരിയാന, ആന്ധ്രാപ്രദേശ്, ജാർഖണ്ഡ്, തെലങ്കാന, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലെയും ഡൽഹിയിലെയും ചീഫ് ഇലക്ടറൽ ഓഫീസർമാർക്കാണ് പുതിയ നിർദേശം നൽകിയിരിക്കുന്നത്.
എന്യൂമറേഷൻ ഫോമുകൾ ലഭിച്ചിട്ടും വിവിധ കാരണങ്ങളാൽ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായവർക്കാണ് ഈ അവസരം പ്രയോജനപ്പെടുക. ഒഴിവാക്കപ്പെട്ടവരുടെ ബൂത്ത് തിരിച്ചുള്ള പട്ടികകൾ പോളിങ് സ്റ്റേഷനുകളിലും തദ്ദേശ സ്ഥാപനങ്ങളിലും വീണ്ടും പ്രദർശിപ്പിക്കും. കൂടാതെ പട്ടികകൾ വെബ്സൈറ്റുകളിൽ പിഡിഎഫ് രൂപത്തിലും ലഭ്യമാക്കും.
മുമ്പ് ഉപയോഗിച്ച അതേ ഇപിഐസി നമ്പർ ഉപയോഗിച്ച് വോട്ടർമാർക്ക് വീണ്ടും എന്യൂമറേഷൻ ഫോം സമർപ്പിക്കാം. ഭാഗികമായി പൂരിപ്പിച്ച ഫോമുകൾ ബൂത്ത് ലെവൽ ഓഫീസർമാർ വാട്സ്ആപ്പ്, ഇമെയിൽ തുടങ്ങിയ മാർഗങ്ങളിലൂടെ വോട്ടർമാർക്ക് അയച്ചുനൽകും. വെബ്സൈറ്റ് വഴിയും ആപ്പ് വഴിയും ഫോമുകൾ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും.
താമസം മാറിയവർക്ക് പുതിയ വിലാസം വ്യക്തമാക്കുന്ന പ്രസ്താവനയോടൊപ്പം ഫോം സമർപ്പിച്ചാൽ മതിയാകും. ഇതിനായി പ്രത്യേകം ഫോം-8 നൽകേണ്ടതില്ലെന്നും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഭവനരഹിതരുടെ കാര്യത്തിൽ ബിഎൽഒ നടത്തുന്ന സ്ഥലപരിശോധനാ റിപ്പോർട്ടും വിലാസരേഖയായി പരിഗണിക്കും.
അർഹരായ ഒരു വോട്ടർ പോലും വോട്ടർ പട്ടികയിൽ നിന്ന് പുറത്താകരുതെന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടി. ഒഴിവാക്കപ്പെട്ടവർക്ക് ലഭിക്കുന്ന ഈ അവസരം എത്രത്തോളം പ്രയോജനപ്പെടുമെന്നാണ് ഇനി അറിയേണ്ടത്.



