തിരുവനന്തപുരം: ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ പുതിയ പ്രസിഡന്റായി സ്വാമി ഋതംബരാനന്ദയെ തെരഞ്ഞെടുത്തു. സ്വാമി വിശുദ്ധാനന്ദയാണ് പുതിയ ജനറൽ സെക്രട്ടറി. സ്വാമി ശാരദാനന്ദയെ ട്രഷററായും തെരഞ്ഞെടുത്തു. ഇതോടെ ശിവഗിരി മഠത്തിലെ 11 അംഗ ട്രസ്റ്റ് ബോർഡ് പുതിയ ഭരണസമിതിയുടെ നേതൃത്വത്തിൽ ചുമതലയേറ്റു.
മുൻ പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയാണ് പുതിയ ഭാരവാഹികൾക്കും ട്രസ്റ്റ് ബോർഡ് അംഗങ്ങൾക്കും സത്യവാചകം ചൊല്ലിക്കൊടുത്തത്. മഹാസമാധിയിൽ പ്രാർഥന നടത്തിയ ശേഷമായിരുന്നു ഭാരവാഹികളെ തെരഞ്ഞെടുത്തത്. ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുന്ന രീതിയിൽ മുന്നോട്ടുകൊണ്ടുപോകുമെന്ന് ചുമതലയേറ്റ ശേഷം സ്വാമി ഋതംബരാനന്ദ വ്യക്തമാക്കി.
2026–2031 കാലയളവിലേക്കുള്ള 11 അംഗ ട്രസ്റ്റ് ബോർഡിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബർ 22നാണ് നടന്നത്. 32 സന്യാസിമാർ മത്സരിച്ച തെരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ള 56 പേരിൽ 55 പേരും വോട്ട് രേഖപ്പെടുത്തിയിരുന്നു.
മുൻ ഭരണസമിതിയിൽ നിന്ന് വീണ്ടും മത്സരിച്ച ഒൻപത് പേരിൽ മൂന്ന് പേർ പരാജയപ്പെട്ടിരുന്നു. മുൻ പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയും പരാജയപ്പെട്ടവരിൽ ഉൾപ്പെടുന്നു. തെരഞ്ഞെടുപ്പിന് പിന്നാലെയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്ത് ട്രസ്റ്റ് ഭരണസമിതി ചുമതലയേറ്റത്.



