കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ രണ്ടാനച്ഛനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ്. അസം സ്വദേശിയായ വിറ്റുപാന്റെ മരണവുമായി ബന്ധപ്പെട്ടാണ് നടപടി. കുട്ടിയുടെ തലയ്ക്കേറ്റ ഗുരുതരമായ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക കണ്ടെത്തൽ. കെട്ടിടത്തിൽനിന്ന് വീണുണ്ടായ പരിക്കല്ല, തല ശക്തമായി ഇടിപ്പിച്ചതിനെ തുടർന്നുണ്ടായ മുറിവാണെന്നാണ് പ്രാഥമിക വിവരം.
കുട്ടിയെ രണ്ടാനച്ഛൻ മൊഹേശ്വർ നിരന്തരം മർദിച്ചിരുന്നതായി അമ്മ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അയൽവാസികളും കുട്ടി മർദനത്തിന് ഇരയായിരുന്നുവെന്ന് പൊലീസിനോട് പറഞ്ഞതായാണ് വിവരം. ഇതിന് പിന്നാലെയാണ് രണ്ടാനച്ഛനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തത്.
കെട്ടിടത്തിൽനിന്ന് വീണാണ് കുട്ടിക്ക് പരിക്കേറ്റതെന്നായിരുന്നു മൊഹേശ്വർ പൊലീസിനോട് ആദ്യം പറഞ്ഞത്. എന്നാൽ കുട്ടിയുടെ മുഖത്തും ശരീരത്തിലും പരിക്കേറ്റ പാടുകൾ കണ്ടെത്തിയിരുന്നു. തുടർന്ന് സംശയം തോന്നിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസമാണ് കുട്ടിയെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക വിവരങ്ങൾ പുറത്തുവന്നതോടെ കുട്ടിയുടെ മരണം കൊലപാതകമാണെന്ന സംശയം ശക്തമായി.
സംഭവത്തെ തുടർന്ന് കുട്ടിയുടെ അമ്മയെയും സഹോദരിയെയും സുരക്ഷിതത്വത്തിനായി അഭയകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കേസിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.


