ഹാവേരി: കോൺഗ്രസിന്റെ ഡൽഹി സമരത്തിൽ പങ്കെടുക്കാതിരുന്ന കർണാടകത്തിലെ യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി. ഹാവേരി ജില്ലാ പ്രസിഡന്റ് ദർശൻ കുമാർ ലമാണി ഉൾപ്പെടെ ആറു നേതാക്കളെയാണ് സസ്പെൻഡ് ചെയ്തത്. യൂത്ത് കോൺഗ്രസിന്റെ രണ്ട് ജില്ലാ സെക്രട്ടറിമാരും നടപടി നേരിട്ടവരിൽ ഉൾപ്പെടുന്നു. അടുത്ത ഉത്തരവുണ്ടാകുന്നതുവരെ സസ്പെൻഷൻ തുടരുമെന്ന് ഉത്തരവിൽ വ്യക്തമാക്കി. ദേശീയ അധ്യക്ഷന്റെ നിർദേശപ്രകാരമാണ് നടപടിയെന്നാണ് വിവരം.
സസ്പെൻഷൻ നേരിട്ട ദർശൻ കുമാർ ലമാണി കർണാടക മന്ത്രി രുദ്രപ്പ ലമാണിയുടെ മകനാണ്. സംസ്ഥാനത്തെ ഷുഗർ, ടെക്സ്റ്റൈൽ വകുപ്പ് മന്ത്രിയാണ് രുദ്രപ്പ ലമാണി. ഉത്തര കന്നഡ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുബ്രഹ്മണ്യ സിർസിക്കർ, സംസ്ഥാന സെക്രട്ടറിമാരായ അബ്ദുൽ അസീസ്, സൂരജ് അവാതി, പവൻ സാലിയാൻ, അഭിഷേക് സി എന്നിവരാണ് നടപടി നേരിട്ട മറ്റ് നേതാക്കൾ.
നവംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനിയിൽ നടന്ന ഇന്ത്യ സഖ്യ റാലിയിൽ പങ്കെടുക്കാതിരുന്നതാണ് നടപടിക്ക് കാരണം. സമരത്തിൽ പങ്കെടുക്കാത്തതിനെ നേതൃത്വം ഗൗരവത്തോടെയാണ് കണ്ടത്.
കർണാടകത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലും സമരത്തിൽ പങ്കെടുക്കാത്ത യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടിയുണ്ടായി. മധ്യപ്രദേശിൽ അറുപതോളം നേതാക്കളെയും ഗുജറാത്തിൽ 49 പേരെയും രാജസ്ഥാനിൽ 31 പേരെയും ഹിമാചൽ പ്രദേശിൽ 13 പേരെയും ഹരിയാനയിൽ പത്ത് പേരെയുമാണ് സസ്പെൻഡ് ചെയ്തത്.



